Monday, October 18, 2010

അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...

ഈ കര്‍ണാടകവിശേഷങ്ങള്‍ എന്നെ ചുറ്റിച്ചു തൊടങ്ങി. എന്തെഴുതണം ന്ന് ഓള്‍വേയ്സ് കണ്‍ഫ്യൂഷന്‍..

ഇന്നത്തെ പോസ്റ്റിനുള്ള വക കഴിഞ്ഞ ദിവസാണ് വീണുകിട്ടിയേ.. അതും തേങ്ങാ ചിരവാന്‍ ഇരിക്കുമ്പോ.. പേടിക്കണ്ട, ചിരവ വിശേഷങ്ങള്‍ ഒന്നും അല്ല, എന്നാല്‍ അതും ണ്ട് ട്ടോ..

പറയാന്‍ പോണത് അവടത്തെ വിശേഷദിവസങ്ങളെക്കുറിച്ചാണ്. എന്ന് വച്ചാല്‍ കല്യാണം, പിറന്നാള്‍, ഉപനയനം, ചൌളം തുടങ്ങിയ ദിവസങ്ങളിലെ ബനദകൊപ്പയെക്കുറിച്ച്...

ഓ...ചടങ്ങ് ഒക്കെ വിസ്തരിക്കാന്‍ പോവാണോ എന്ന് നെറ്റി ചുളിക്കല്ലേ.. അതൊന്നും പറയാന്‍ എനിക്കറിഞ്ഞൂട.. ഇവടെ പറയാന്‍ പോണത് എനിക്ക് 'കൊള്ളാലോ'ന്ന് തോന്നിയ ഒരു കാര്യാ..

മുഖവുര വേണ്ടുവോളമായി.. നേരെ കാര്യത്തിലേക്ക്..

ബനദകൊപ്പ ഗ്രാമത്തിന്‍റെ ഘടന ഓര്‍മയുണ്ടല്ലോ ല്ലേ? ആദ്യം ബ്രാഹ്മണഗൃഹങ്ങളാ.. അതില്‍ ഏതെങ്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ പരസ്പരം ക്ഷണിക്കും, അതുറപ്പാണല്ലോ.. സാധാരണ നമ്മള്‍ എങ്ങനെയാ ക്ഷണിക്കുക? 'ഇന്ന ദിവസം കല്യാണമാണ്, നിങ്ങള്‍ കുടുംബസമേതം വരണം' ന്നൊക്കെയല്ലേ? അത് അവടേം ണ്ട്. (ഇവടെ ചെലര്‍ക്ക് ഭാര്യേം ഭര്‍ത്താവും കൂടി വന്ന് ക്ഷണിച്ചാലേ വീട്ടീന്ന് രണ്ടാളും പോവൂ. ഭര്‍ത്താവ് മാത്രം ക്ഷണിക്കാന്‍ വന്നാല്‍ വീട്ടിലേയും ഭര്‍ത്താവ് മാത്രം പോവും.!)
ആ ക്ഷണം കൂടാതെ തലേ ദിവസം വിശേഷം നടക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ നടത്തുന്ന ഒരു ക്ഷണം ണ്ട്. എന്തായിരിക്കും പറയാമോ?
'പെണ്ണ്ങ്ങള്‍ടെ പണീ'ന്നും പറഞ്ഞ് നമ്മള്‍ ചെലത് മാറ്റിവച്ചട്ടില്യേ, അതിനന്നെ.. പാചകം.....അതിനാവശ്യമായ പച്ചക്കറി നുറുക്കല്‍... etc...

ഇതിന്‍റെ ക്ഷണവും അങ്ങനെത്തന്നെയാ.. 'നാളെ ഞങ്ങടെ വീട്ടില്‍ ഉപനയനമായോണ്ട് പച്ചക്കറി നുറുക്കാന്‍ (തര്‍ക്കാരി ഹെച്ചക്കെ) പെണ്ണുങ്ങള്‍ നേരത്തേ എത്തണം'ന്ന്.. ചുമ്മാ പോയാ വിവരറിയും.. അതിന് അതിന്‍റേതായ രീതിയൊക്കെണ്ട്.. തൊട്ടപ്പുറത്തെ വീട്ടിലക്കാ പോണേന്ന്ച്ചാലും ഡ്രസൊക്കെ ചെയ്ത് കുട്ടപ്പനായി, സോറി, കുട്ടപ്പിയായി വേണം പോവാന്‍.. കയ്യില് ഒരു പാത്രത്തില്‍ അക്ഷത എന്ന് വിളിക്കുന്ന സംഭവം-ഒന്നൂല്യ, അരീല് കുങ്കുമം മിക്സീതത്- ഈ അക്ഷത കൊടുത്തട്ട് വേണം ക്ഷണിക്കാന്‍.. ഈ പോണോര്‍ക്കും അറിയാം  ചെല്ലണത് പച്ചക്കറി നുറുക്കാന്‍ വിളിക്കാനാ ന്ന്ള്ളത് ആ വീട്ട്കാര്‍ക്കറിയാംന്ന്, ....വീട്ട്കാര്‍ക്കും അറിയാം നമ്മളെന്തിനാ ചെല്ലണേന്ന്.. ന്നാലും ഫോര്‍മാലിറ്റി ഈസ് ഓള്‍വേയ്സ് ഫോര്‍മാലിറ്റി..

അപ്പോ വിശേഷം നടക്കണ ദിവസായി.. ദേ കണ്ടോ ഓരോരുത്തര് വെളിച്ചാവുമ്പഴക്കും വന്ന് തൊടങ്ങ്യേ. നമ്മടെ നാട്ടിലാച്ചാ പച്ചക്കറി നുറുക്കാന്‍ വരണോരടെ കയ്യില് കത്തിയല്ലേ ണ്ടാവാ. അവരടേല്ള്ള സംഭവം കണ്ടോ? അതാണ് സാക്ഷാല്‍ 'മെട്ട്കത്തിമണെ' അഥവാ ചിരവ കം കത്തി..  ഒരു പലകേല് വളഞ്ഞ കത്തിയും അതിന്‍റെ മോളില് ചിരവനാക്കും.. പറഞ്ഞാ ക്ലിയറാവില്യാന്ന് തോന്ന്യോണ്ട് ദാ പിടി ഫോട്ടോ...









ഇതിപ്പോ പരിഷ്കരിച്ച രൂപാണ് ട്ടോ.. മുമ്പ് ഒരു മരത്തടീല് ആ വളഞ്ഞ കത്തി മാത്രേ ണ്ടാര്‍ന്നുള്ളൂ.. കത്തിയില്യാത്ത അല്ലെങ്കി അത്ര നല്ല കത്തി അല്ലാത്ത ചെരവ വേറെ..നമ്മടെ പോലെ മരത്തടീല് ചെരവനാക്ക് ഡയറക്റ്റ് പിടിപ്പിക്കണ പരിപാടില്യ. ...പിന്നെപ്പിന്നെ കത്തീം ചെരവേം കൂടി ആയി... അത് പിന്നേം ഭംഗി കൂട്ടി പരന്ന പലകേം അതിനൊരു ലോക്കും ഒക്കെ ആയി.. ആവശ്യാണലോ കണ്ടുപിടിത്തത്തിന്‍റെ അമ്മച്ചി..

അപ്പോ അവരൊക്കെ രാവിലെത്തന്നെ വീട്ടിലെത്തി പച്ചക്കറി അരിഞ്ഞോളും.. അവിടെ മിക്കവാറും കൂട്ടുകുടുംബമായോണ്ട് സ്ത്രീകള്‍ ഊഴം നിശ്ചയിച്ച് വരും, വീട്ടിലെ പണികളും നടക്കണല്ലോ.. (ഭാഗം വച്ച കുടുംബങ്ങളും ഉണ്ട്, മിക്കവരും ഒരേ വീട്ടില്‍ രണ്ട് അടുക്കള ആവുംന്ന് മാത്രം-അത്ര വലിയ വീടുകളാണേ,മാത്രോമല്ല, വേറെ വീടുവച്ച് മാറാന്‍ സാമ്പത്തികസ്ഥിതി അനുവദിച്ചു എന്നും വരില്ല..)
ഈ സഹായികള്‍ക്ക് നമ്മള്‍ രാവിലത്തെ ഭക്ഷണം തൊട്ട് കൊടുക്കണം.. അതിനെന്താ,പണിയെടുക്കണതല്ലേ... ഇവര് പണികളൊക്കെ കഴിഞ്ഞ് വീട്ടില്‍പ്പോയി കുളിച്ച് റെഡിയായി സുന്ദരിക്കുട്ടികളായി വരും..

ഇതൊരു പരസ്പര സഹായസംഘാണ്.. അവരടെ വീട്ടിലെ വിശേഷങ്ങള്‍ക്ക് നമ്മളും ഇതേപോലെ പോണം... (ഞാനും പോയിട്ട്ണ്ട് ട്ടോ ഒന്ന് രണ്ട് തവണ..രസാണ്.. അത്യാവശ്യം പരദൂഷണം, പാരവെയ്പ്, കളിയാക്കല്‍..  കുറച്ച് സ്മാര്‍ട്ടായോരടെ സെറ്റാണെങ്കില്‍ ഇത്തിരി നോണ്‍വെജും..)

ആള്‍ക്കാരെ മാത്രല്ല ഇങ്ങനെ ഇംപോര്‍ട്ട് ചെയ്യണത്.. പാത്രങ്ങളും വരവുണ്ട്.. അതിനൊക്കെ അടയാളം ഇട്ടിട്ടുണ്ടാവും.. സദ്യയൊക്കെ കഴിഞ്ഞ് പാത്രങ്ങള്‍ തിരിച്ചുകൊടുക്കുന്നതും ഒരു ചടങ്ങാ.. ചടങ്ങെന്ന് പറഞ്ഞാ ഒഫീഷ്യല്‍ ചടങ്ങല്ല, വിസ്തരിച്ചുള്ള പരിപാടിയാ ന്ന്..

പച്ചക്കറി നുറുക്കാന്‍ മാത്രല്ല, വിളമ്പാനും ഈ അയല്‍വാസികള്‍ വരും. (അതിന് ക്ഷണിക്കണോ ആവോ..എനിക്കോര്‍മയില്യ.. വേണ്ടിവരാനാണ് ചാന്‍സ്)

എന്തായാലും ഈ കൊടുക്കല്‍ വാങ്ങല്‍ സഹായപരിപാടികള്‍ നല്ല കാര്യായിട്ടാ എനിക്ക് തോന്നീത്.. എന്താന്ന്ച്ചാ, നമ്മടെ വീട്ടിലെ വിശേഷങ്ങള്‍ക്ക് നമ്മള് അല്ലെങ്കിലേ ഓടണം, അതിന്‍റെ കൂടെ ഈ പാചകപരിപാടീം ആയാല് വയ്യാണ്ടാവില്യേ?  ഇതിപ്പോ വരണോര്‍ക്ക് ആ വീട്ടില് വേറെ ഉത്തരവാദിത്തം ഒന്നും ഇല്യാത്തോണ്ട് ഇരുന്ന് പണിയാം, ആര്‍ക്കും ആര്‍ക്കും ഭാരല്യ...

ആ.. അതു പറഞ്ഞപ്പഴാ, പാചകം പാചകം ന്ന് ഞാന്‍ പറഞ്ഞൂന്ന്ച്ചാലും ഈ അടുപ്പത്ത് വച്ചുള്ള സംഭവം ആണുങ്ങളാ ചെയ്യുക.. 'അഡിഗെ ബട്ടര്' എന്ന് വിളിക്കുന്ന ആള്‍ ഒന്നോ രണ്ടോ സഹായികളേം കൂട്ടി വരും.. അഡിഗെ എന്നാല്‍ അടുക്കള എന്നും പാചകം എന്നും അര്‍ഥമുണ്ട്.. ഇവിടെ പാചകം എന്നര്‍ഥം.. ബട്ടര് എന്നാല്‍ ശരിക്കും പൂജാരീന്നാണ്.. നമ്മളിവടെ സ്വാമീന്ന് പറയണ പോലെയാവും..(അമ്പിസ്വാമി, സുബ്രഹ്മണ്യസ്വാമി ഒക്കെ ഫെയ്മസല്ലേ)... അവര് എന്തൊക്കെ വേണംന്ന് പറയും, നമ്മള് അത് ഒരുക്കിക്കൊടുക്കുക, അത്രന്നെ..
ഇവടത്തെപ്പോലെ മൊത്തം കോണ്‍ട്രാക്റ്റ് കൊടുക്കണ പരിപാടി തൊടങ്ങീട്ടില്യ ഇനീം...
ഈയിടെയായി ബട്ടര്ടെ സഹായികളായി ചെല സ്ത്രീകള്‍ വന്ന് തൊടങ്ങീതല്ലാതെ ലേഡി അഡിഗെ ബട്ടര് ആയിട്ടില്യ.. (ബട്ടര്ടെ സ്ത്രീലിംഗം എന്താണാവോ?)

കല്യാണങ്ങളൊക്കെ മൂന്നാലു ദിവസത്തെ ചടങ്ങായോണ്ട് എല്ലാ ദിവസോം ഇവര് വരും... നല്ല മേളമാ...
ഒരു നാട് മൊത്തം ആഘോഷിക്കുന്ന ദിവസങ്ങള്‍... കൂട്ടായ്മയുടെ ശക്തി, ഗുണം ഒക്കെ അറിയാവുന്ന ദിവസങ്ങള്‍... അവിടത്തെ ആ സഹകരണമനോഭാവത്തിന് നമസ്കാരത്തോടെ ഈ പോസ്റ്റ്....