Saturday, November 20, 2010

ബാളന്തനം...

ഓരോ നാട്ടില് ഓരോ രീതി ന്നല്ലേ പറയുക, അത് ശരിക്കും മനസിലാവുക ചെലപ്പോ വളരെ ചെറിയ ചെറിയ കാര്യങ്ങളിലാവും. ഇപ്പോ ഉദാഹരണത്തിന്, പ്രസവശുശ്രൂഷ.. ഗര്‍ഭവും പ്രസവവും ഒക്കെ ഏതാണ്ട് ഒരേ പോലെയാവും എവടേം, ല്ലേ? പക്ഷേ അതിന് തയ്യാറെടുക്കുന്ന രീതി, പ്രസവശേഷമുള്ള സംരക്ഷണം ഒക്കെ എന്തു വ്യത്യാസാന്ന്‌ നോക്കൂ...നോക്കൂ ന്ന് പറഞ്ഞാല്‍ ഞാനൊന്നും പറഞ്ഞില്ലല്ലോ ല്ലേ ? പറയാം പറയാം....

ഗര്‍ഭിണികളെ ബസരി എന്നാണ് പറയുക.. ആദ്യ മാസങ്ങളില്‍ വലിയ പ്രത്യേകത ഒന്നുമില്ല, പക്ഷേ ഏഴാം മാസമായാല്‍ ചില പൂജകള്‍, ചടങ്ങുകള്‍ ഒക്കെ ണ്ട്.. ഇവടേം പലര്‍ക്കും ണ്ടല്ലോ.. (പാപ്പൂനെ പ്രഗ്നന്‍റായിരിക്കുമ്പോ ഏഴാംമാസത്തിലെ ചടങ്ങ് തീര്‍ത്ത് അമ്മേടെ അടുത്തേക്ക് പറഞ്ഞ് വിടുന്നതിനു വേണ്ടി, ഞങ്ങള്‍ ഇവടന്ന് പോയി, ചടങ്ങ് തീര്‍ത്തു തിരിച്ചുവന്നു !!) അത് കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം ഒക്കെ ശ്രദ്ധിക്കണം.. അധികം എരിവും പുളിയും പാടില്ല, സമയം തെറ്റാന്‍ പാടില്ല ഇതൊക്കെ സെയിം സെയിം.. പ്രത്യേകത തോന്നിയത് ചോറുണ്ണുമ്പഴാ.. ആദ്യം തന്നെ മോരോ തൈരോ കൂട്ടി ഉണ്ണണം, ന്നട്ടേ സാമ്പാറോ അങ്ങനെ എന്തെങ്കിലും ണ്ടെങ്കി കഴിക്കാവൂ.. ഇത് വയറു തണുപ്പിക്കാനാത്രെ.. ഉണ്ട് അവസാനിപ്പിക്കുന്നതും മോരുകൂട്ടിത്തന്നെയാ..
പിന്നെ ഇരിക്കുന്ന രീതി, ഗര്‍ഭിണി ചമ്രം പടിഞ്ഞേ ഇരിക്കാവൂ, സുഖപ്രസവത്തിനാത്രെ.. കാലു നീട്ടി ഇരിക്കരുത്. അത് പ്രസവശേഷം മാത്രം...
പ്രസവം കഴിഞ്ഞാല്‍ അമ്മേം കുഞ്ഞും വെളിച്ചം തീരെ കുറഞ്ഞ മുറീലാവും, അവിടെ നടുമന എന്ന ഒരു ഭാഗം ണ്ട് ന്ന് ആദ്യം പറഞ്ഞിരുന്നു, ഉമ്മറത്തിനും ഊണുമുറിക്കും ഇടയാലായിട്ട്.. അതില്‍ ഒട്ടും വെളിച്ചം കടക്കില്ല, നട്ടുച്ചക്ക് പോലും ഇരുട്ടാ.. അതാണ് അവിടത്തെ പ്രസവമുറി.. പ്രസവിച്ചുകിടക്കുന്ന സ്ത്രീയെ ബാളന്തി എന്നാ പറയുക.. പ്രസവശുശ്രൂഷ നടക്കുന്ന കാലം ബാളന്തനം എന്നും...
ബാളന്തിക്ക് ഉള്ളി ധാരാളം കൊടുക്കും, ശക്തി കിട്ടാനാ ന്നാ പറയുക. ചെറിയ ഉള്ളി ഇല്ല അവിടെ, സബോള മാത്രം... പിന്നെ ചില ചട്ണികള്‍.. ഇലകൊണ്ടും മറ്റും ണ്ടാക്കണത്...പിന്നെ ചൂടുവെള്ളത്തില്‍ കുളി.. അവരൊക്കെ അല്ലെങ്കിലേ നല്ലോണം ചൂടുള്ള വെള്ളത്തില്‍ കുളിക്കണോരാ.. ഇപ്പോ പറയേം വേണ്ട.. കുളി കഴിഞ്ഞാ കമ്പിളി പുതച്ച് തീ കായണം, വിയര്‍ത്തൊലിക്കുംവരെ...

കുഞ്ഞിന്‍റെ കാര്യം ബഹുരസാ.. മൊത്തം മൂടിപ്പുതച്ചേ കാണൂ.. തല മാത്രം വെളീല്.. വെറുതേ പൊതക്യൊന്നല്ല, വലിയ ഒരു തുണി എടുത്ത് ആദ്യം തലയിലൂടെ ചുറ്റി എടുക്കും. അത് കഴുത്ത് വഴി പിന്നിലേക്ക് ചുറ്റി കയ്യും കാലുമടക്കം രണ്ട് മൂന്ന് റൌണ്ട് മൊത്തം ചുറ്റിച്ചുറ്റി ആകെ ഒരു എന്തുപോലെയാന്നാ പറയുക, പ്യൂപ്പ പോലെ.. അനങ്ങാന്‍ പറ്റില്ല കുട്ടിക്ക്..
കുഞ്ഞിനെ കുളിപ്പിക്കുന്നുതും നല്ല ചൂടുള്ള വെള്ളത്തിലാ.. കുളി കഴിയുമ്പോ കുട്ടി ചൊകചൊകാന്നിരിക്കും.. അതിനുശേഷം ഈ ചുറ്റിക്കെട്ടല്‍.. വൈകീട്ട് എണ്ണതേച്ച് മസാജ് ചെയ്യിക്കും.. ന്നട്ട് വീണ്ടും ചുറ്റിക്കെട്ടും..
ഈ പരിപാടി കുട്ടി കുറേയൊക്കെ വലുതാവുന്നതുവരെയും തുടരും.. രണ്ടാമത്തെ ഏട്ടന്‍റെ കുട്ടിയെ ഏതാണ്ട് മൂന്നുവയസുവരെയും ഇങ്ങനെ കെട്ടിയിരുന്നതായി ഓര്‍ക്കുന്നു..
എല്ലാരും അങ്ങനെയാണോന്ന് അറിയില്ലട്ടോ...

ഇങ്ങനെ ചുറ്റിക്കെട്ടി സംരക്ഷിച്ച് വളര്‍ത്തണോണ്ടാണോ ന്ന് അറിയില്യ, പൊതുവെ തണുപ്പ്‌ സഹിക്കാന്‍ പറ്റാത്തോരാണ് അവടെ.. ശീലം കൊണ്ടാവും, ഇവടെ വന്നാല്‍പ്പോലും ചൂടുവെള്ളത്തിലേ കുളിക്കാനാവൂ..( ഏട്ടന്‍ പിന്നെ കുറേയൊക്കെ മലയാളി ആയി മാറിയോണ്ട് പച്ചവെള്ളം ഓക്കെ... )..

നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെ ചുറ്റിവരിഞ്ഞ് ചൊകചൊകാന്ന് കെടന്നിരുന്ന ഒരു കുട്ടി ഇന്ന് നാടും വീടും വിട്ട് ഇങ്ങ് കേരളത്തില്‍ വന്ന്, പ്രേമത്തിന് കണ്ണും മൂക്കും മാത്രല്ല, ഭാഷേം ല്യാന്ന് തെളിയിച്ച് സുഖമായി വസിക്കുന്നു..

ന്‍റെ ഏട്ടന് പ്രണയപൂര്‍വം പിറന്നാളാശംസകളോടെ...

Monday, October 18, 2010

അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...

ഈ കര്‍ണാടകവിശേഷങ്ങള്‍ എന്നെ ചുറ്റിച്ചു തൊടങ്ങി. എന്തെഴുതണം ന്ന് ഓള്‍വേയ്സ് കണ്‍ഫ്യൂഷന്‍..

ഇന്നത്തെ പോസ്റ്റിനുള്ള വക കഴിഞ്ഞ ദിവസാണ് വീണുകിട്ടിയേ.. അതും തേങ്ങാ ചിരവാന്‍ ഇരിക്കുമ്പോ.. പേടിക്കണ്ട, ചിരവ വിശേഷങ്ങള്‍ ഒന്നും അല്ല, എന്നാല്‍ അതും ണ്ട് ട്ടോ..

പറയാന്‍ പോണത് അവടത്തെ വിശേഷദിവസങ്ങളെക്കുറിച്ചാണ്. എന്ന് വച്ചാല്‍ കല്യാണം, പിറന്നാള്‍, ഉപനയനം, ചൌളം തുടങ്ങിയ ദിവസങ്ങളിലെ ബനദകൊപ്പയെക്കുറിച്ച്...

ഓ...ചടങ്ങ് ഒക്കെ വിസ്തരിക്കാന്‍ പോവാണോ എന്ന് നെറ്റി ചുളിക്കല്ലേ.. അതൊന്നും പറയാന്‍ എനിക്കറിഞ്ഞൂട.. ഇവടെ പറയാന്‍ പോണത് എനിക്ക് 'കൊള്ളാലോ'ന്ന് തോന്നിയ ഒരു കാര്യാ..

മുഖവുര വേണ്ടുവോളമായി.. നേരെ കാര്യത്തിലേക്ക്..

ബനദകൊപ്പ ഗ്രാമത്തിന്‍റെ ഘടന ഓര്‍മയുണ്ടല്ലോ ല്ലേ? ആദ്യം ബ്രാഹ്മണഗൃഹങ്ങളാ.. അതില്‍ ഏതെങ്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ പരസ്പരം ക്ഷണിക്കും, അതുറപ്പാണല്ലോ.. സാധാരണ നമ്മള്‍ എങ്ങനെയാ ക്ഷണിക്കുക? 'ഇന്ന ദിവസം കല്യാണമാണ്, നിങ്ങള്‍ കുടുംബസമേതം വരണം' ന്നൊക്കെയല്ലേ? അത് അവടേം ണ്ട്. (ഇവടെ ചെലര്‍ക്ക് ഭാര്യേം ഭര്‍ത്താവും കൂടി വന്ന് ക്ഷണിച്ചാലേ വീട്ടീന്ന് രണ്ടാളും പോവൂ. ഭര്‍ത്താവ് മാത്രം ക്ഷണിക്കാന്‍ വന്നാല്‍ വീട്ടിലേയും ഭര്‍ത്താവ് മാത്രം പോവും.!)
ആ ക്ഷണം കൂടാതെ തലേ ദിവസം വിശേഷം നടക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ നടത്തുന്ന ഒരു ക്ഷണം ണ്ട്. എന്തായിരിക്കും പറയാമോ?
'പെണ്ണ്ങ്ങള്‍ടെ പണീ'ന്നും പറഞ്ഞ് നമ്മള്‍ ചെലത് മാറ്റിവച്ചട്ടില്യേ, അതിനന്നെ.. പാചകം.....അതിനാവശ്യമായ പച്ചക്കറി നുറുക്കല്‍... etc...

ഇതിന്‍റെ ക്ഷണവും അങ്ങനെത്തന്നെയാ.. 'നാളെ ഞങ്ങടെ വീട്ടില്‍ ഉപനയനമായോണ്ട് പച്ചക്കറി നുറുക്കാന്‍ (തര്‍ക്കാരി ഹെച്ചക്കെ) പെണ്ണുങ്ങള്‍ നേരത്തേ എത്തണം'ന്ന്.. ചുമ്മാ പോയാ വിവരറിയും.. അതിന് അതിന്‍റേതായ രീതിയൊക്കെണ്ട്.. തൊട്ടപ്പുറത്തെ വീട്ടിലക്കാ പോണേന്ന്ച്ചാലും ഡ്രസൊക്കെ ചെയ്ത് കുട്ടപ്പനായി, സോറി, കുട്ടപ്പിയായി വേണം പോവാന്‍.. കയ്യില് ഒരു പാത്രത്തില്‍ അക്ഷത എന്ന് വിളിക്കുന്ന സംഭവം-ഒന്നൂല്യ, അരീല് കുങ്കുമം മിക്സീതത്- ഈ അക്ഷത കൊടുത്തട്ട് വേണം ക്ഷണിക്കാന്‍.. ഈ പോണോര്‍ക്കും അറിയാം  ചെല്ലണത് പച്ചക്കറി നുറുക്കാന്‍ വിളിക്കാനാ ന്ന്ള്ളത് ആ വീട്ട്കാര്‍ക്കറിയാംന്ന്, ....വീട്ട്കാര്‍ക്കും അറിയാം നമ്മളെന്തിനാ ചെല്ലണേന്ന്.. ന്നാലും ഫോര്‍മാലിറ്റി ഈസ് ഓള്‍വേയ്സ് ഫോര്‍മാലിറ്റി..

അപ്പോ വിശേഷം നടക്കണ ദിവസായി.. ദേ കണ്ടോ ഓരോരുത്തര് വെളിച്ചാവുമ്പഴക്കും വന്ന് തൊടങ്ങ്യേ. നമ്മടെ നാട്ടിലാച്ചാ പച്ചക്കറി നുറുക്കാന്‍ വരണോരടെ കയ്യില് കത്തിയല്ലേ ണ്ടാവാ. അവരടേല്ള്ള സംഭവം കണ്ടോ? അതാണ് സാക്ഷാല്‍ 'മെട്ട്കത്തിമണെ' അഥവാ ചിരവ കം കത്തി..  ഒരു പലകേല് വളഞ്ഞ കത്തിയും അതിന്‍റെ മോളില് ചിരവനാക്കും.. പറഞ്ഞാ ക്ലിയറാവില്യാന്ന് തോന്ന്യോണ്ട് ദാ പിടി ഫോട്ടോ...









ഇതിപ്പോ പരിഷ്കരിച്ച രൂപാണ് ട്ടോ.. മുമ്പ് ഒരു മരത്തടീല് ആ വളഞ്ഞ കത്തി മാത്രേ ണ്ടാര്‍ന്നുള്ളൂ.. കത്തിയില്യാത്ത അല്ലെങ്കി അത്ര നല്ല കത്തി അല്ലാത്ത ചെരവ വേറെ..നമ്മടെ പോലെ മരത്തടീല് ചെരവനാക്ക് ഡയറക്റ്റ് പിടിപ്പിക്കണ പരിപാടില്യ. ...പിന്നെപ്പിന്നെ കത്തീം ചെരവേം കൂടി ആയി... അത് പിന്നേം ഭംഗി കൂട്ടി പരന്ന പലകേം അതിനൊരു ലോക്കും ഒക്കെ ആയി.. ആവശ്യാണലോ കണ്ടുപിടിത്തത്തിന്‍റെ അമ്മച്ചി..

അപ്പോ അവരൊക്കെ രാവിലെത്തന്നെ വീട്ടിലെത്തി പച്ചക്കറി അരിഞ്ഞോളും.. അവിടെ മിക്കവാറും കൂട്ടുകുടുംബമായോണ്ട് സ്ത്രീകള്‍ ഊഴം നിശ്ചയിച്ച് വരും, വീട്ടിലെ പണികളും നടക്കണല്ലോ.. (ഭാഗം വച്ച കുടുംബങ്ങളും ഉണ്ട്, മിക്കവരും ഒരേ വീട്ടില്‍ രണ്ട് അടുക്കള ആവുംന്ന് മാത്രം-അത്ര വലിയ വീടുകളാണേ,മാത്രോമല്ല, വേറെ വീടുവച്ച് മാറാന്‍ സാമ്പത്തികസ്ഥിതി അനുവദിച്ചു എന്നും വരില്ല..)
ഈ സഹായികള്‍ക്ക് നമ്മള്‍ രാവിലത്തെ ഭക്ഷണം തൊട്ട് കൊടുക്കണം.. അതിനെന്താ,പണിയെടുക്കണതല്ലേ... ഇവര് പണികളൊക്കെ കഴിഞ്ഞ് വീട്ടില്‍പ്പോയി കുളിച്ച് റെഡിയായി സുന്ദരിക്കുട്ടികളായി വരും..

ഇതൊരു പരസ്പര സഹായസംഘാണ്.. അവരടെ വീട്ടിലെ വിശേഷങ്ങള്‍ക്ക് നമ്മളും ഇതേപോലെ പോണം... (ഞാനും പോയിട്ട്ണ്ട് ട്ടോ ഒന്ന് രണ്ട് തവണ..രസാണ്.. അത്യാവശ്യം പരദൂഷണം, പാരവെയ്പ്, കളിയാക്കല്‍..  കുറച്ച് സ്മാര്‍ട്ടായോരടെ സെറ്റാണെങ്കില്‍ ഇത്തിരി നോണ്‍വെജും..)

ആള്‍ക്കാരെ മാത്രല്ല ഇങ്ങനെ ഇംപോര്‍ട്ട് ചെയ്യണത്.. പാത്രങ്ങളും വരവുണ്ട്.. അതിനൊക്കെ അടയാളം ഇട്ടിട്ടുണ്ടാവും.. സദ്യയൊക്കെ കഴിഞ്ഞ് പാത്രങ്ങള്‍ തിരിച്ചുകൊടുക്കുന്നതും ഒരു ചടങ്ങാ.. ചടങ്ങെന്ന് പറഞ്ഞാ ഒഫീഷ്യല്‍ ചടങ്ങല്ല, വിസ്തരിച്ചുള്ള പരിപാടിയാ ന്ന്..

പച്ചക്കറി നുറുക്കാന്‍ മാത്രല്ല, വിളമ്പാനും ഈ അയല്‍വാസികള്‍ വരും. (അതിന് ക്ഷണിക്കണോ ആവോ..എനിക്കോര്‍മയില്യ.. വേണ്ടിവരാനാണ് ചാന്‍സ്)

എന്തായാലും ഈ കൊടുക്കല്‍ വാങ്ങല്‍ സഹായപരിപാടികള്‍ നല്ല കാര്യായിട്ടാ എനിക്ക് തോന്നീത്.. എന്താന്ന്ച്ചാ, നമ്മടെ വീട്ടിലെ വിശേഷങ്ങള്‍ക്ക് നമ്മള് അല്ലെങ്കിലേ ഓടണം, അതിന്‍റെ കൂടെ ഈ പാചകപരിപാടീം ആയാല് വയ്യാണ്ടാവില്യേ?  ഇതിപ്പോ വരണോര്‍ക്ക് ആ വീട്ടില് വേറെ ഉത്തരവാദിത്തം ഒന്നും ഇല്യാത്തോണ്ട് ഇരുന്ന് പണിയാം, ആര്‍ക്കും ആര്‍ക്കും ഭാരല്യ...

ആ.. അതു പറഞ്ഞപ്പഴാ, പാചകം പാചകം ന്ന് ഞാന്‍ പറഞ്ഞൂന്ന്ച്ചാലും ഈ അടുപ്പത്ത് വച്ചുള്ള സംഭവം ആണുങ്ങളാ ചെയ്യുക.. 'അഡിഗെ ബട്ടര്' എന്ന് വിളിക്കുന്ന ആള്‍ ഒന്നോ രണ്ടോ സഹായികളേം കൂട്ടി വരും.. അഡിഗെ എന്നാല്‍ അടുക്കള എന്നും പാചകം എന്നും അര്‍ഥമുണ്ട്.. ഇവിടെ പാചകം എന്നര്‍ഥം.. ബട്ടര് എന്നാല്‍ ശരിക്കും പൂജാരീന്നാണ്.. നമ്മളിവടെ സ്വാമീന്ന് പറയണ പോലെയാവും..(അമ്പിസ്വാമി, സുബ്രഹ്മണ്യസ്വാമി ഒക്കെ ഫെയ്മസല്ലേ)... അവര് എന്തൊക്കെ വേണംന്ന് പറയും, നമ്മള് അത് ഒരുക്കിക്കൊടുക്കുക, അത്രന്നെ..
ഇവടത്തെപ്പോലെ മൊത്തം കോണ്‍ട്രാക്റ്റ് കൊടുക്കണ പരിപാടി തൊടങ്ങീട്ടില്യ ഇനീം...
ഈയിടെയായി ബട്ടര്ടെ സഹായികളായി ചെല സ്ത്രീകള്‍ വന്ന് തൊടങ്ങീതല്ലാതെ ലേഡി അഡിഗെ ബട്ടര് ആയിട്ടില്യ.. (ബട്ടര്ടെ സ്ത്രീലിംഗം എന്താണാവോ?)

കല്യാണങ്ങളൊക്കെ മൂന്നാലു ദിവസത്തെ ചടങ്ങായോണ്ട് എല്ലാ ദിവസോം ഇവര് വരും... നല്ല മേളമാ...
ഒരു നാട് മൊത്തം ആഘോഷിക്കുന്ന ദിവസങ്ങള്‍... കൂട്ടായ്മയുടെ ശക്തി, ഗുണം ഒക്കെ അറിയാവുന്ന ദിവസങ്ങള്‍... അവിടത്തെ ആ സഹകരണമനോഭാവത്തിന് നമസ്കാരത്തോടെ ഈ പോസ്റ്റ്....

Wednesday, September 1, 2010

ആരാമാ....?

‘ആരാമാ’ എന്ന് കേട്ടാൽ എന്താ തോന്നുക? ഇതിന് രാമനുമായോ അമ്മയുമായോ ഒരു ബന്ധോല്യ.. ആദ്യം കേട്ടപ്പൊ ‘ആരാ’ ന്ന്ള്ളേന്റെ കന്നടയാവുംന്നാ വിചാരിച്ചേ... പിന്നെയാ മനസിലായേ ‘സുഖാണോ’ ന്നാ ചോദിക്കണേ ന്ന്.. ആരാം ന്ന് ഹിന്ദി കേട്ടട്ട്ണ്ടാവൂലോ.. അതന്നെ സംഭവം...  എന്താ കാര്യം ന്ന് വച്ചാല്, അവിടത്തെ ഒരു പതിവാണ് ഇത്.. എനിക്കിനീം സാംഗത്യം പിടികിട്ടാത്ത പലതരം ഫോർമാലിറ്റികളിൽ ഒന്ന്... എന്താ ഇതിനു കൊഴപ്പം ന്നാണോ? കൊഴപ്പൊന്നൂല്യ.. ന്നാലും എന്തോ ഒരു ഒരിത്.....
കാര്യെന്താന്ന് വച്ചാല്, അവിടെ നമ്മൾ കണ്ടുമുട്ടുമ്പോ ആദ്യം തന്നെ ‘ആരാമാ’ എന്ന് ചോദിക്കും.. അല്ല, ചോദിക്കണം... ‘അതെ, സുഖാണ്‘ എന്ന് മറുപടി കിട്ടാം.. പക്ഷേ, മിക്കവാറും തിരിച്ചൊരു ‘ആരാമാ’ ആണ് മറുപടിയായി കിട്ടാറ്.. ഇംഗ്ലീഷിലെ ‘ഹൌ ഡു യു ഡൂ’ വിനു തിരിച്ചും ‘ഹൌ ഡു യു ഡൂ’ തന്നെയാണല്ലൊ മറുപടി.. അതുപോലെയാ.....
അതിനിപ്പോ എന്താ ന്ന് ചോദിച്ചാൽ ഞാനെന്താ പറയാ? നമ്മളിപ്പൊ ഒരാളെ കണ്ടുമുട്ടുന്നു.. സ്വാഭാവികായും പല വർത്താനങ്ങൾക്കെടേല് ‘സുഖാണോ’ന്നും ചോദിച്ചേക്കാം... അതല്ലാതെ കാണുമ്പോ ‘സുഖാണൊ’ ന്ന് ചോദിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞാലോ? ആ.. അതുതന്നെ.. ചോദിച്ചേ പറ്റൂ എന്ന്‌ള്ള ഫോർമാലിറ്റിചോദ്യങ്ങളോട് എനിക്ക് പണ്ടേ അലർജിയാ.. ബനദകൊപ്പേലാണെങ്കിൽ (ഞാനറിഞ്ഞിടത്തോളം മൊത്തം കർണാടകേലും) ഇത്തരം ഫോർമാലിറ്റികൾടെ അയ്യരുകളിയാ...
സംഭവം ബോറാണെന്ന് എപ്പഴാ തോന്നുകാ ന്ന് വച്ചാൽ, നമ്മളിപ്പോ ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നൂന്ന് വക്കൂ.. അവിടെയുള്ളവർ സ്വീകരിക്കാൻ വരുന്നു (താലം പിടിക്കുന്ന കാര്യൊന്ന്വല്ല പറഞ്ഞേ ട്ടോ.. ചുമ്മാ ‘ആ,വരൂ വരൂ’ എന്ന മുഖഭാവത്തോടെ വരില്ലേ, അത്..) .. ആതിഥേയർ(വാക്ക് കറക്റ്റല്ലേ?) നമ്മളോട് ‘ആരാമാ?’, ‘ആരാമിദ്യാ?’, ‘ചെന്നാഗിദ്യാ?’ ഇതിലേതെങ്കിലും ഒക്കെ ചോദിക്കും.. ഒക്കെ ഒന്നന്നെ.. അപ്പോ റിപ്ലൈ കൊടുത്തേക്കുക..
അതിനെന്താ പ്രശ്നം? ഏയ്.. ഒരു പ്രശ്നോല്യ.. ഇത് ഒരാളാണ് ചോദിക്കണേന്ന് ച്ചാൽ..
വഴിക്കു വഴി എല്ലാരും ഇതന്നെ ചോദിച്ചാൽ എങ്ങനെണ്ടാവും? ആ.. അതുതന്നെയാ ഞാനും പറഞ്ഞേ...
ഇതിപ്പോ ചുമ്മാ ഫോർമാലിറ്റിയല്ലേ, അത്ര വിഷമമൊന്നുമുള്ള കാര്യല്ലല്ലോ പറഞ്ഞുപോട്ടെ എന്നാണോ? അങ്ങനേം കരുതാം.. പക്ഷേ, ഈ ആരാമാ ചോദിച്ചില്ല എന്നതിനാൽ അത് ഇൻ‌സൽറ്റ് ആയി കണക്കാക്കുമ്പോഴോ? അവിടെയാണ് എനിക്ക് വിഷയം.. ഒരു 10-12 വയസ് കഴിഞ്ഞ കുട്ടികളെക്കൊണ്ട് നിർബന്ധമായി ഇത് ചോദിപ്പിക്കും.. അത് കണ്ട് ഒരിക്കൽ ഞാൻ ഏടത്തിയമ്മയോട് ചോദിച്ചു, എന്തിനാ ഇങ്ങനെ ബലം പിടിക്കുന്നേ ന്ന്.. അപ്പോ അവര് പറഞ്ഞത്, ‘ആ കുട്ടിയെ ആരാമാ എന്ന് ചോദിക്കാൻ പോലും പഠിപ്പിച്ചില്ല’ എന്ന് പരാതി കേൾക്കേണ്ടിവരും എന്നാണ്..
വന്നുകയറുമ്പോഴത്തെ പോലെ തന്നെ പോകുമ്പോഴും ഉണ്ട് റെക്കോഡഡ് വാക്കുകൾ.. വീട്ടുകാർ ‘ഇനിയും വരണം’ എന്നത് ഗ്രേഡനുസരിച്ച് പറയും.. (നല്ല അടുപ്പമുള്ളയാളാണെങ്കിൽ ‘ഇനീം വരൂ, വീട്ടുകാരേം കൊണ്ടു വരൂ‘ etc., അടുപ്പം അല്പം കുറഞ്ഞാൽ ‘ഇനിയും വരൂ‘ എന്ന് അത്ര ബലം കൊടുക്കാതെ പറയും.. വലിയ താല്പര്യമൊന്നുമില്ലാത്തയാളാണെങ്കിൽ ‘പോയി വരൂ‘ എന്ന് ഒരൊഴുക്കൻ മട്ടിലങ്ങ് പറയും..(ഹോഗി ബന്നി).. പറഞ്ഞില്ലെന്ന് കം‌പ്ലെയ്ന്റ് വരരുതല്ലോ..)
അപ്പോ നമ്മളും കുറയ്ക്കാൻ പാടില്ലല്ലോ..  ‘ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്ക് വരൂ’ എന്ന് ക്ഷണിക്കണം.. ‘ആരാമാ‘ പോലെ ഇതിന്റെ ഒരു നോർമൽ വേർഷൻ ‘ബന്നി നമ്മനിഗെ’ എന്നതാ.. ഇതും ഗ്രേഡനുസരിച്ച് തന്നെ..  (ഒരു വീ‍ട്ടിൽ ചെന്നപ്പോ അവിടത്തെ വീട്ടുകാരി തന്റെ നാത്തൂനെക്കുറിച്ച് പരാതി പറഞ്ഞത് ‘അവര് പോകാൻ നേരം ‘ബന്നി ക്കാ..(വരൂട്ടോ)’ എന്ന് ചുമ്മാ അങ്ങ് പറഞ്ഞ് പോയി’ എന്നാണ്.....)

കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഒന്നിൽ എനിക്ക് അമ്പരപ്പുണ്ടാക്കിയ ഒരു സംഭവം പറയാം.. ഏട്ടന്റെ മൂത്ത പെങ്ങളെ തൊട്ടടുത്ത ഗ്രാമത്തിലേക്കാ കല്യാണം കഴിച്ചിരിക്കുന്നേ..(മലളഗദ്ദെ എന്ന് പേര്-മളഗദ്ദെ എന്ന് കൊളോക്യൽ) .. (ഫോർ യുവർ ഇൻഫോർമേഷൻ-ഈ പെങ്ങളുടെ മൂത്തമോള് എന്റെ പ്രായക്കാരിയാ...അതെങ്ങനെണ്ട്?).. അടുത്ത ഗ്രാമംഎന്ന് പറഞ്ഞാൽ മനസുവച്ചാൽ നടന്ന് പോകാവുന്ന ദൂരമേയുള്ളൂ..(ഞാൻ നടന്നിട്ടുണ്ടേ..).. എന്തായാലും ആ പെങ്ങളും ഭർത്താവും കൂടി ഒരു ദിവസം വീട്ടിൽ വന്നു.. അവരുടെ സ്കൂട്ടറിൽ.... അവര് വന്ന് കേറി, പതിവുപോലെ ഏടത്തിയമ്മമാർ ഉമ്മറത്തേക്ക് ചെന്ന് ‘ആരാമാ’ചോദിച്ചു രണ്ടാളോടും.. ഭർത്താവിനെ ഉമ്മറത്ത് അളിയൻ‌മാരോട് സംസാരിക്കാൻ വിട്ട് ചേച്ചി അകത്തുവന്നു.. അപ്പോഴാണ് അപ്പുറത്തെങ്ങോ ആയിരുന്ന അമ്മ അങ്ങോട്ട് വരുന്നത്.. അമ്മേടെ വകേം സെയിം ക്വസ്റ്റ്യൻ.. ‘ഏനേ സുവർണാ, ആരാമിദിയാ?’ (സുവർണ എന്നത് ചേച്ചീടെ പേര്.. ഏനേ എന്ന് വച്ചാൽ എന്താ ന്ന്).. അമ്മ മകളോടും ഇത്തരം ഫോർമാലിറ്റി കാണിക്കണോ എന്ന് ഞാൻ സംശയിച്ചു നിൽക്കുമ്പോ വീണ്ടും ... ‘സുവർണ,വരൂ, ഇരിക്കൂ, ചായയോ കാപ്പിയോ എന്താ ഉണ്ടാക്കണ്ടേ?’... (ഇനിയിപ്പോ മകളെന്ന് പറഞ്ഞാ അകന്ന ബന്ധം വല്ലോം ആണോ?)....തീർന്നില്ല..... ‘യാത്രയൊക്കെ സുഖമായിരുന്നോ, ക്ഷീണിച്ചോ’ എന്ന്..( പിന്നേ.. അവര് അമേരിക്കേന്ന് വരുവല്ലേ?..).. ഈ സംഭവം ഞാൻ ഇവിടെ വന്ന് എന്റെ അമ്മയോട് പറഞ്ഞു.. കൂട്ടത്തിൽ ഒരു വാണിംഗും കൊടുത്തു.. ‘എന്നോടെങ്ങാനും ഇങ്ങനെ പറഞ്ഞാ പിന്നെ ഞാൻ ഈ വീട്ടിലേക്ക് വരില്ലാ’ന്ന്... അല്ല പിന്നെ..!

ഫോർമാലിറ്റികൾ ആവശ്യമാണെന്ന നിലപാടാണ് അവിടെ പൊതുവേ എല്ലാർക്കും..  നമ്മുടെ നാട്ടിലും കാണുമായിരിക്കും ല്ലേ കുറെയൊക്കെ? എന്തോ, എനിക്കതിന്റെയൊന്നും ആവശ്യം മനസിലായിട്ടില്ല ഇനിയും.. വാക്കുകൾ വായിൽനിന്നല്ല, മനസിൽനിന്നു വരുന്നതാവണം..(എന്ന് ഞാൻ കരുതുന്നു)


പിന്‍കുറിപ്പ് അഥവാ ഡിസ്ക്ലെയ്മര്‍

വായില്‍ത്തോന്നീത് ചറപറ എഴുതിക്കഴിഞ്ഞു വായിച്ചുനോക്കീപ്പോ ഞാന്‍ അല്പം കുറ്റംപറച്ചിലിന്റെ ലെവലിലാണോ പോണേന്നൊരു ഡൌട്ടിംഗ്സ്.... അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തേക്കാം ന്ന് വച്ചു..

ഇവിടെ എല്ലാ പോസ്റ്റുകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയവയാണ്. ഈ  നാടും ആ നാടും തമ്മിലുള്ള സാംസ്കാരികമായ വ്യത്യാസം കൊണ്ടാണ് ഇതു  തിരിച്ചറിയാന്‍ പറ്റുന്നത്. ഇവിടെപറഞ്ഞതെല്ലാം അവിടങ്ങളില്‍ വളരെ സ്വാഭാവികമായ കാര്യങ്ങളാണ്. അവരുടെ സംസ്കാരത്തിന്റെ ഭാഗമായ കാര്യങ്ങളെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ എന്റെ ഉദ്ദേശ്യമേയല്ല. ചില കാര്യങ്ങളോടെങ്കിലും  ഒരളവുവരെ ബഹുമാനമുണ്ടുതാനും.

പിന്നേ............ എന്റെ കെട്ട്യോന്റെ നാടാ..... ഈ ഗ്യാപ്പില്‍ കുറ്റം പറയാന്‍ വാ.... ഞാന്‍ സമ്മതിച്ചതുതന്നെ...

അപ്പോ....... പറഞ്ഞപോലെ.....
പിന്നെക്കാണാം

Monday, July 19, 2010

കാപ്പി അറ്റ് ബനദകൊപ്പ...

കുറെ നാളായി അല്ലേ കര്‍ണാടക വിശേഷങ്ങള്‍ ഒക്കെ പറഞ്ഞിട്ട്..?  എന്നാ വരൂ .. അല്പം കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് പോകാം...
 ഒരു കാപ്പീം കുടിക്കാം... നല്ല കര്‍ണാടക കാപ്പി...  ഒന്നൂടെ കൃത്യമാക്കിയാല്‍ ബനദകൊപ്പ കാപ്പി... ഓ.. ഇതിലെന്താ ഇത്ര പുതുമ എന്നാണെങ്കില്‍ ഒന്നൂല്യ.. എന്നാ എനിക്കിത്തിരി പുതുമയൊക്കെ തോന്നീതാനും..  എന്നാപ്പിന്നെ നിങ്ങളോടൊക്കെ അതൊന്ന് പറഞ്ഞിരിക്കാം എന്നു വച്ചു... കാപ്പി ഇഷ്ടല്ല്യാത്തോര്‍ക്ക് ചായ ഇത്തിരി തരുംട്ടോ..

എനിക്ക് കാപ്പിയാണിഷ്ടം അന്നും ഇന്നും... ശ്വാസം മുട്ടിനു ഹോമിയോ മരുന്നു കഴിച്ചിരുന്ന കാലത്ത് നിരോധനം ഉണ്ടായിരുന്നോണ്ടാണാവോ? അല്ലെങ്കിലും അങ്ങനെയാണല്ലൊ, അരുത് എന്ന് പറയുന്നേനോട് തീര്‍ത്താ തീരാത്ത കൊതി..
അപ്പൊ പറഞ്ഞു വന്നത് എനിക്ക് പണ്ടേ കാപ്പിയാണിഷ്ടം.. കല്യാണം കഴിഞ്ഞ് ബനദകൊപ്പയില്‍ ചെല്ലുമ്പോള്‍ അവിടേം പൊതുവേ കാപ്പിയാണെന്നറിഞ്ഞ് ഞാന്‍ ഹാപ്പിയായി..ആദ്യത്തെ ദിവസങ്ങളിലൊന്നും കാപ്പിയുടെ പ്രത്യേകതകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.. മൊത്തത്തില്‍ പുതുമകളാണല്ലൊ..അതിന്റെ കൂട്ടത്തില്‍ ഇത് മുങ്ങിപ്പോയി..

പിന്നെ ശ്രദ്ധിക്കാനുള്ള കാരണം അവിടത്തെ- നിസ്സാരമെന്ന് അവര്‍ കരുതുന്ന- ഒരു കുഞ്ഞി ഫോര്‍മാലിറ്റിയാണ്.. അതായത്, നമ്മളിപ്പോ ചുമ്മാ നടക്കാനിറങ്ങുന്നു..പോകും വഴി കാണുന്ന ആള്‍ക്കാരോടൊക്കെ കുശലം പറച്ചിലുണ്ട്, വളരെ നല്ല കാര്യം.. ചെലപ്പോ അവര് നമ്മളെ വീട്ടിലേക്ക് ക്ഷണിക്കും, അതും കൊഴപ്പല്യ... ആദ്യത്തെ ഒന്ന് രണ്ട് കൊച്ചുവര്‍ത്താനങ്ങള്‍ക്ക് ശേഷം കോമണ്‍ ക്വസ്റ്റ്യന്‍.. “ ആശ്രിഗെ എന്ദ(ഏന്‍) മാഡലി?” കുടിക്കാന്‍ എന്താ വേണ്ടേന്ന്..

(ബാംഗ്ലൂരില്‍ താമസിച്ചതിന്റെ പേരില്‍ കന്നട പറഞ്ഞ് എന്നെ പേടിപ്പിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.. ഈ ബ്ലോഗില്‍ കാണുന്ന കന്നട നിങ്ങള്‍ക്കറിയുന്നതുമായി വ്യത്യാസം കാണും.. ദിസ് ഈസ് ഹവ്യക കന്നട.. മൈന്‍ഡ് ഇറ്റ്.. എന്നെ ഓടിക്കരുത്)

ഈ ആശ്രിഗെ എന്ന സംഭവം കുടിക്കുക എന്നതിന്റെ നേര്‍ കന്നടയല്ല.. ആശ്രെയാത്തു എന്ന് പറഞ്ഞാല്‍ ദാഹിച്ചു എന്ന്.(ശ്രെ ആണോ ശ്രി ആണോ എന്ന് ഇപ്പോഴും ഉറപ്പില്ല)..... അപ്പോ ആശ്രിഗെ എന്നവന്‍ ദാഹം മാറ്റാന്‍ എന്തു വേണം എന്ന്...  ദാഹം ഉണ്ടാവണം എന്ന് നിര്‍ബന്ധമില്ല, ചോദ്യം അങ്ങനെയാണ്.... “കുഡിയക്കെ ഏന്‍ മാഡലി?” എന്നും ചോദിക്കാറുണ്ട്.. നമ്മളാണെങ്കില്‍ അപ്പോ വീട്ട്ന്ന് കാപ്പി കുടിച്ചിറങ്ങീട്ടല്ലേയുള്ളൂ.. ....ഏയ് ഒന്നും വേണ്ട എന്ന് പറയും..... ഉണ്ടാക്കാന്‍ പ്രയാസമില്ല എന്തു വേണമെന്ന് പറയൂ എന്ന് വീട്ടുകാര്‍.. ...വേണ്ടെന്നേ എന്ന് നമ്മള്‍..... ഇത്രയൊക്കെ ഇവിടെ എന്റെ വീട്ടിലും പതിവുണ്ട്....... അതിനു ശേഷമാണ് യഥാര്‍ത്ഥ നാടകം.. .....ആതിഥേയരുടെ നിര്‍ബന്ധവും നമ്മളുടെ നിരാസവും കട്ടക്ക് കട്ടക്ക് മുന്നേറും .. ....ഒടുവില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യും.. എന്നാപിന്നെ ‘ഒന്ദ് അര്‍ദ്ധ ലോട്ട കോഫി’ എന്ന്.. അവര്‍ സന്തോഷത്തോടെ കാപ്പിയുണ്ടാക്കി വരുന്നു, നമ്മള്‍ സന്തോഷത്തോടെ കുടിക്കുന്നു...  ദോഷം പറയരുതല്ലോ അര്‍ദ്ധലോട്ട എന്നു പറഞ്ഞാല്‍ ഏതാണ്ട് അര്‍ദ്ധലോട്ട തന്നെയേ തരൂ... പിന്നെന്താ ഇതിലിത്ര കുഴപ്പം? എന്തിനാ ഞാന്‍ നാടകം എന്ന് പറഞ്ഞേ ന്നാണോ? ആ.. അതല്ലേ രസം.. ഈ ചോദ്യോത്തര പംക്തി നമ്മള്‍ എത്ര വീട്ടില്‍ കേറുന്നോ അത്രേം വീട്ടില്‍ അരങ്ങേറും !! എല്ലാ സ്ഥലത്തുന്നും കുടിച്ചേ പറ്റൂ.. ദാ തൊട്ടപ്പറത്ത്ന്ന്  കുടിച്ചതാ, വയറ്റില്‍ തീരെ സ്ഥലല്യ, ഇതൊന്നും അവിടെ നടപ്പില്ല.. ഇനീപ്പോ കാപ്പീം ചായേം ഒന്നും കുടിക്കില്ല്യാന്ന് പറഞ്ഞ് രക്ഷപ്പെടാം ന്ന് വച്ചാലോ, അപ്പോ ദാ വരുന്നു ‘കഷായ’ എന്ന് പേരുള്ള ഒരൈറ്റം. പേര് കഷായമെന്നാണെങ്കിലും കയ്പല്ലാട്ടോ.. പാലുംവെള്ളത്തില്‍ അല്പം ചുക്കും ജീരകവും ടൈപ്പ് സാധനങ്ങള്‍ ഒക്കെ കലര്‍ത്തിയ ഒന്നാണ്.. മധുരം തന്നെ.. ചുക്കുകാപ്പിയില്‍ പാലൊഴിച്ച മോഡല്‍ ഒന്ന്.. വയറിന് ബെസ്റ്റാത്രെ... (വയറുണ്ടാവാനല്ല, ദഹനം ഇത്യാദി..)
അയ്യോ മറന്നു.. ഇതിനെ നാടകം എന്ന് ഞാന്‍ പറയാന്‍ കാരണം അതല്ല.. നമ്മളിപ്പോ നമ്മുടെ വീട്ട്ന്ന് കാപ്പി കുടിക്കാണ്ടാണ് ഇറങ്ങിയേ ന്ന് വക്കൂ.. ന്നാലും ചെല്ലുന്ന വീട്ടില്‍ അവര്‍ ചോദിക്കുമ്പോ കാപ്പി കുടിച്ചില്ലെന്നോ വേണമെന്നോ പറയാന്‍ പാടില്യ.. എന്താ ഉണ്ടാക്കണ്ടേ ന്ന് ചോദിച്ചാല്‍ ഒന്നും വേണ്ടെന്നേ പറയാവൂ.. അവര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം അവര്‍ക്കു വേണ്ടി എന്ന മട്ടില്‍ കുടിക്കുക...ഇതേ കാര്യം ഊണിനും ബാധകമാകുന്നു.... ആനയെ തിന്നാനുള്ള വിശപ്പുണ്ടായാലും വേണ്ടാ വേണ്ടാ ന്നേ പറയാവൂ...

മറ്റൊന്ന്, അവര്‍ കാപ്പിയും ചിലപ്പോ എന്തെങ്കിലും പലഹാരവും ആയി വരുമ്പോ ‘ എന്തിനാ ഇത്രയും കഷ്ടപ്പെട്ടേ, ഇതൊന്നും വേണ്ടീരുന്നില്ലല്ലൊ’ എന്ന് പറയണം.. കഴിച്ചു കഴിഞ്ഞാല്‍ അഭിപ്രായം പറയണം.. ( നല്ലതാണെന്നല്ലാതെ പറയാന്‍ പറ്റുമോ?).. എനിക്കീ അഭിപ്രായം പറയല്‍ തീരെ പരിചയമില്ലാര്‍ന്നു.. ആദ്യമൊക്കെ അതോണ്ട് അല്പം അപകടം പറ്റീട്ടുണ്ട്.. ‘ഒന്നും ഇഷ്ടപ്പെട്ടുകാണില്ല അല്ലേ’ എന്ന ചോദ്യം കേള്‍ക്കുമ്പോഴാ ‘ നന്നായിട്ടുണ്ട്’ എന്ന് പറയാന്‍ ഓര്‍ക്കുക...ഇപ്പോ പഠിച്ചു...

അപ്പോ ഫോര്‍മാലിറ്റികളൊക്കെ പഠിച്ചല്ലോ? എന്നാ നമുക്കിനി ശരിക്കും കാപ്പി കുടിക്കാം...

പറഞ്ഞല്ലോ, അവിടെ അരഗ്ലാസ് കാപ്പി എന്ന് പറഞ്ഞാല്‍ അരഗ്ലാസ് തന്നെ തന്നോളും ന്ന്.. അത് നമ്മള്‍ പറഞ്ഞോണ്ടല്ല.. അവിടെ പൊതുവേ അളവ് കുറച്ചാ കുടിക്കുക... കാഫിലോട്ട എന്ന ഒരു തരം ഗ്ലാസ് തന്നെയുണ്ട്... നമ്മുടെ വലിയ ഗ്ലാസിന്റെ പകുതിയോളം മാത്രം വലുപ്പം.. ആ ഗ്ലാസില്‍ത്തന്നെ പകുതിയോ മുക്കാലോ ആണ് അവര്‍ സാധാരണ കുടിക്കാറ്.. ആദ്യമൊക്കെ എനിക്ക് ഇത് കുറച്ച് പോരായ്ക തോന്നിയിരുന്നു.. മനസില്‍.. എന്നാല്‍ അധികം കുടിക്കാം ന്ന് വച്ചാലോ പറ്റുന്നൂല്യ... കാരണം എന്താന്നറിയോ? അത് നല്ല വെട്ട്യാ മുറിയാത്ത കാപ്പിയാ.. പാലില്‍ നേരെ കട്ടിഡിക്കോഷന്‍ ഒഴിച്ച് ഉണ്ടാക്കുന്നത്.. വെറും പാലല്ല, എരുമപ്പാല്... എരുമപ്പാല് ഒടുക്കത്തെ കട്ടിയാ.. ഇരട്ടി വെള്ളം ഒഴിച്ചാലും ‘എന്നോടോ’ന്നും ചോദിച്ച് ഇരിക്കും... അതോണ്ട് അധികം കുടിക്കാന്‍ പറ്റില്യ.. ഞാനാണെങ്കി ഇവടെ ആകെ കിട്ടുന്ന, വെള്ളം ചേര്‍ത്ത, പശൂംപാലില് പിന്നേം വെള്ളം ചേര്‍ത്ത് തിളപ്പിച്ച്,  രണ്ടാമതും പറ്റിയാല്‍ മൂന്നാമതും വെള്ളമൊഴിച്ച ഡിക്കോഷനും കലര്‍ത്തി സൂപര്‍ലേഡി കാപ്പി ഒരു മുട്ടന്‍ ഗ്ലാസില്‍ കുടിക്കുന്നയാളും.. എനിക്കവിടത്തെ സിസ്റ്റം അഡ്ജസ്റ്റ് ആവാന്‍ ഇത്തിരി സമയം എടുത്തു.. ന്നാലും ഓക്കെ.. നല്ല സൂപ്പര്‍ കാപ്പിയല്ലേ...
(എന്ത് സൂപ്പര്‍ കാ‍പ്പി ആയാലും രണ്ട് വീട്ടില്‍ കൂടുതല്‍ കേറാന്‍ വയ്യാട്ടൊ...)

വെള്ളം ചേര്‍ത്തും കാപ്പി ഉണ്ടാക്കും.. അത് ബ്രേക്ഫാസ്റ്റ്, അല്ലെങ്കി വൈകീട്ട് പലഹാരം എന്നിവയുടെ കൂടെ...  വെള്ളം ചേര്‍ത്ത് അവിടെ ഉണ്ടാക്കുന്ന കാപ്പിയും നമ്മുടെ കാപ്പിയേക്കാള്‍ കട്ടിയാ.. എരുമപ്പാലിന്റെ ഗുണമേ........!!(ഈ കാപ്പിക്ക് തിണ്ടികാഫി എന്നാ പേര്.. തിണ്ടി എന്നാല്‍ ചെറുകിട ഭക്ഷണം... ബ്രേക്ഫാസ്റ്റ്, ഈവനിംഗ് സ്നാക്സ് ഒക്കെ പെടും..)


ആ.. ചായക്കാരൊന്നും പിണങ്ങണ്ട... ലേശം ചായേം ഉണ്ട്... പക്ഷേ സത്യം പറയാലോ അവര്‍ക്ക് ചായേണ്ടാക്കാന്‍ അറിഞ്ഞൂടാന്നാണ് എന്റെ വിദഗ്ദ്ധാഭിപ്രായം.. ഇത് ആ വീട്ടിലെ (അല്പസ്വല്പം ബന്ധുവീടുകളിലേം) കാര്യം മാത്രാണ് ട്ടോ.. കര്‍ണാടകയെ മൊത്തം അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല..(ഇതിന്റെ അര്‍ഥം ബനദകൊപ്പക്കാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നല്ല..ഹൊ!ദുഷ്ടത്തരമേ ചിന്തിക്കൂ ല്ലേ?)
. ചായ ണ്ടാകാന്‍ അറിഞ്ഞൂടാന്ന് പറയാന്‍ കാരണം ഒരു പക്ഷേ ഞാനതിനെ ഇവിടത്തെ മേയ്ക്കിംഗുമായി തട്ടിച്ചു നോക്കുന്നോണ്ടാവും ട്ടോ.. അവിടെയാണ്ച്ചാ പണിക്കുവരുന്ന ആള്‍ക്കാര് മാത്രാ ചായ കുടിക്കുക.. അവര്‍ക്കുള്ളതല്ലേ എന്ന അലംഭാവം കുറച്ചൊക്കെ ഇല്ലേന്നൊരു സംശയം.. പിന്നെ ഉണ്ടാക്കുന്നയാള്‍ക്ക് ചായ പ്രിയമല്ലാത്തതിനാല്‍ അതിന്റെ ടേസ്റ്റിനെപ്പറ്റി ഒരു ധാരണേം ഇല്യ...  കുറേ വെള്ളോം പൊടീം ഇട്ട് തിളപ്പിക്കും...പൊടി എന്നു പറഞ്ഞാ കുറച്ചൊന്നുമല്ല...മാത്രോമല്ല കുറേ നേരം തിളപ്പിക്ക്യേം ചെയ്യും.. ചായ ഇങ്ങനെ ചൊക ചൊകാന്ന് ഇരിക്കണം.. പൊടീടെ ചവര്‍പ്പും വരും...പാലും പഞ്ചസാരയും ഇടും ട്ടോ.. കട്ടന്‍കാപ്പി,കട്ടന്‍ചായ ഇതൊന്നും കേട്ടിട്ടും കൂടി ഇല്യ അവടെ...

അപ്പോ അങ്ങനെ..കാപ്പീം കുടിച്ചു ചായേം കുടിച്ചു.... ഇനി?

കാപ്പിയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അനുഭവങ്ങള്‍ കൂടി ആവാം ല്ലേ?

ഒന്ന്, അച്ചൂന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചുണ്ടായതാ...അവന്റെ പിറന്നാള്‍ അവിടെ വച്ചായിരുന്നു.. എന്തോ പൂജയൊക്കെ ഉണ്ടാ‍ര്‍ന്നു...ഇവടന്ന് ബന്ധുക്കള്‍ കുറച്ചു പേര് വന്നിരുന്നു..ഒരു പത്തിരുപത്തിനാലു പേര്‍.. .. അവര്‍ക്ക് ഈ കുഞ്ഞിലോട്ട കാപ്പി തീരെ പോരാതെ വന്നു... ചിലര്‍ക്കൊക്കെ രാവിലെ ഒരു മൊന്ത കാപ്പി കുടിച്ചാലേ അത്യാവശ്യസംഭവങ്ങള്‍ ഒക്കെ നടക്കൂ.. അപ്പോ അവര്‍ ഈ കുഞ്ഞിക്കാപ്പികൊണ്ട് എന്തു ചെയ്യാനാ? നാച്വറലി അവര്‍ എന്നെ ആശ്രയിക്കും.. ഞാന്‍ ഒരു ട്രിപ് കാപ്പി കൂടി എത്തിക്കും.. പിറന്നാള്‍ ദിവസം അവിടത്തെ ബന്ധുക്കള്‍ കൂടി വന്നിരുന്നു.. എനിക്ക് പൂജേടേം മറ്റും തിരക്കുള്ളതിനാല്‍(എന്നു വച്ചാല്‍ ഒന്നും മനസിലാവാതെ ചുമ്മാതിരിക്കല്‍) എന്റെ ബന്ധുക്കളുടെ കാര്യം നോക്കാന്‍ ഞാന്‍ പേരക്കുട്ടിസ്ഥാനത്തുള്ള മഹേഷിനെ ഏല്‍പ്പിച്ചു..(എന്റെ പ്രായമാണ് മഹേഷിന്.. പക്ഷേ,ഏട്ടന്റെ മൂത്ത ചേച്ചീടെ പേരക്കുട്ടിയാണ്.. അപ്പോ സ്ഥാനം കൊണ്ട് ഞാന്‍ അവന് മുത്തശ്ശി !!) മഹേഷ് എപ്പോ കാപ്പി കൊണ്ടുവന്നാലും നമ്മുടെ ആള്‍ക്കാര്‍ വാങ്ങിക്കുടിക്കും.. കുറച്ചുകഴിഞ്ഞപ്പോ മഹേഷ് എന്റെടുത്തുവന്ന് പറഞ്ഞു “നിങ്ങടെ ആള്‍ക്കാര്‍ക്ക് നാളെ മൂത്രമൊഴിക്കാന്‍ പറ്റില്ലാട്ടോ.. ഉരിമൂത്രം തുടങ്ങും” എന്ന്.. ഉരിമൂത്രം എന്നത് ഒരു തരം യൂറിനറി ഇന്‍ഫെക്ഷനാണ്.. ഉരി എന്നാല്‍ നീറല്‍, വേദന എന്നൊക്കെയാണ് അര്‍ഥം... ഇങ്ങനെ പറയാന്‍ കാരണം കാപ്പി ചൂടാണ് എന്നാണ് അവരുടെ വിശ്വാസം എന്നതാ.... ചായ തണുപ്പ്.. എന്തടിസ്ഥാനത്തിലാന്നറിയില്ല ഈ പറച്ചില്‍.. എന്തായാലും കാപ്പികുടി പരിഹസിക്കാനുള്ള വകുപ്പായി മാറും എന്ന് ഉറപ്പായപ്പോ ഞാന്‍ മഹേഷിനോട് പറഞ്ഞു “എന്റെ ആള്‍ക്കാര്‍ നിങ്ങളെ കളിയാക്കുന്നു, ആകെക്കൂടി ഇത്തിരിയുള്ള ഗ്ലാസിലാ കാപ്പി കൊണ്ടുവരുന്നേ, അതും പകുതിയേ തരുന്നുള്ളൂ എന്ന്”.... മഹേഷ് ചിരിച്ചോണ്ട് വീണ്ടും കാപ്പിയെടുക്കാന്‍ പോയി...

അടുത്തത് ഒരു തരം കാര്‍ട്ടൂണ്‍ മോഡല്‍ സംഭവമാ.. ഏതാണ്ടിതുപോലൊന്ന് വേറൊരു ബ്ലോഗറും എഴുതിക്കണ്ടു..ഓര്‍മക്കേടിനു മാപ്പ്..
ഞങ്ങള്‍-എന്ന് വച്ചാല്‍ ഞാനും ഏട്ടനും ഒരിക്കല്‍ ബനദകൊപ്പയില്‍നിന്ന് ബാംഗ്ലൂര്‍ക്ക് പോവുകയാര്‍ന്നു.. അന്ന് പാപ്പുപോലും ജനിച്ചിട്ടില്ല.. അപ്പോ കല്യാണം കഴിഞ്ഞ ആദ്യ കൊല്ലം.... ബാംഗ്ലൂര്‍-സാഗര ബസ് ചായ, ഊണ് തുടങ്ങിയവക്കൊക്കെ സ്ഥിരം സ്ഥലങ്ങളിലാ നിര്‍ത്തുക..(അതിപ്പൊ ഏത് ലോംഗ് റൂട്ട് ബസും അങ്ങനെതന്നെ ആവും ല്ലേ?) അങ്ങനെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്ന ബസ് ചായ, കാപ്പി ആദിയായവക്കു നിര്‍ത്തിയപ്പോ ഏട്ടന്‍ പറഞ്ഞു “ദാ, ഈ ഹോട്ടലിലെ സപ്ലൈ ശ്രദ്ധിച്ചോട്ടോ”ന്ന്.. ഒരു വാണിംഗും.. ‘കാപ്പി കുടിക്കുമ്പോ ഗ്ലാസ് വായ്ക്കുള്ളില്‍ പോകാതെ നോക്കണം’ന്ന് .. കൂട്ടിപ്പറഞ്ഞതാവുംന്നാ ഞാന്‍ കരുതിയേ.. ഏയ്. ഒട്ടും അല്ല !! ശരിക്കും അത്ര ചെറിയ ഗ്ലാസ്.. ഒരു കവിള്‍ കാപ്പിയില്‍ കൂടുതല്‍ കൊള്ളില്ല, തീര്‍ച്ച... !!
അതിനേക്കാല്‍ രസകരമായത് സപ്ലൈ തന്നെ.. ഒരാള്‍ വന്ന് ഓര്‍ഡറെടുത്തു.. ‘എരഡുകോഫി’ ..തിരിഞ്ഞു നടക്കുമ്പോ അകത്തേക്ക് വിളിച്ചുപറഞ്ഞു..’എരഡു കോഫീ....’എന്നിട്ട് കൂളായി അകത്തേക്കുപോയി കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു ...! അതേന്നേ.. അയാള്‍ തന്നെ... ..
കഴിഞ്ഞില്ല... കാപ്പികുടി കഴിഞ്ഞപ്പോ പൈസ കൊടുക്കാന്‍ കൌണ്ടറിലും ഇയാള്‍ തന്നെ !! എന്തോ ഭാഗ്യത്തിന് കൌണ്ടറിലേക്ക് നോക്കി “എരഡു കോഫി, ഹത്തുറുപ്പായ്” എന്നു പറഞ്ഞില്ല..!!

ശ്ശോ.. കാപ്പി കുടിച്ചിരുന്ന് നേരം പോയി.. പിള്ളേര് സ്കൂളീന്ന് വരാറായി.. എന്നാ ഞാനങ്ങോട്ട്..?

Tuesday, May 4, 2010

പൈവളികെ...

തലക്കെട്ട് കണ്ട് കാസര്‍കോഡുകാരല്ലാത്ത ഒരു മാതിരി എല്ലാരും ഇതെന്തപ്പാ കുന്തം എന്ന് മിഴിച്ചു കാണും.. അധികം മിഴിച്ച് ബുദ്ധിമുട്ടണ്ട, ഇത് കാസര്‍കോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.. ഞാനെന്തിനാ കര്‍ണാടകവിശേഷങ്ങളില്‍ കേരളത്തിലെ ഗ്രാമത്തെക്കുറിച്ചെഴുതുന്നേ എന്നാണോ സംശയം? സംശയിക്കണ്ട.. എനിക്കീ‍ സ്ഥലം കര്‍ണാടകത്തിലാണ്..എന്നുവച്ചാല്‍ അവിടെ എന്റെ നാത്തൂന്റെ വീടുണ്ട്.. ഏട്ടന്റെ രണ്ടാമത്തെ ചേച്ചിയുടെ വീട്..(അഞ്ചാമത്തെ ചേച്ചി എന്നു പറഞ്ഞാലും തെറ്റില്ല..കാരണം ഏട്ടന്റെ അച്ഛന്‍ ആദ്യം വിവാഹം കഴിച്ച അമ്മയില്‍ മൂന്ന് പെണ്ണും ഒരാണുമായി നാലു മക്കള്‍ വേറെയുമുണ്ട്.. അവരുടെ മരണ ശേഷമാണ് ഏട്ടന്റെ അമ്മയെ വിവാഹം കഴിക്കുന്നത്. 39 വയസോ മറ്റോ പ്രായവ്യത്യാസമുണ്ട് അമ്മയും അച്ഛനും തമ്മില്‍.. മാത്രവുമല്ല, അമ്മയേക്കാള്‍ പ്രായം കൂടിയവരായിരുന്നു ആ നാലു മക്കളില്‍ പലരും..)
എന്തായാലും ഏട്ടന്റെ ഒരു ചേച്ചി കാസര്‍കോഡുണ്ടെന്ന് മനസിലായല്ലോ.. പേര് മഹോദരി എന്നായിരുന്നു..മോദുരി എന്ന് വിളിക്കും... വിവാഹശേഷം ഭര്‍തൃവീട്ടുകാര്‍ക്ക് ആ പേര് ഇഷ്ടമാവാത്തതിനാല്‍ മധുര എന്നാക്കി മാറ്റി...( ഇതവടത്തെ സ്ഥിരം കലാപരിപാടി ആണെന്ന് തോന്നുന്നു.. എന്റെ പേരും മാറ്റി.. നയന എന്നാണ് അവിടത്തെ ശാസ്ത്രീയനാമം..)
മധുര ചേച്ചിയുടേത് കൂട്ടുകുടുംബമാണ്..വളരെ യോജിപ്പില്‍ തന്നെ ഇന്നും കഴിയുന്ന കുടുംബം.. കേരളത്തിലാണ് താമസമെങ്കിലും മലയാളികളായല്ല, കന്നഡികരായാണ് അവര്‍ ജീവിക്കുന്നത്. മലയാളവും വശമില്ല.. ചേച്ചിയുടെ ഭര്‍ത്താവ് കഷ്ടപ്പെട്ട് ഒന്നു രണ്ടു തവണ എന്നോട് മലയാളത്തില്‍ സംസാ‍രിക്കാന്‍ ശ്രമിച്ചു.. കന്നഡ മതിയെന്ന് പറഞ്ഞ് സമാധാനിപ്പിക്കേണ്ടി വന്നു...

പറയാന്‍ വന്നത് അവരുടെ വീടിനെക്കുറിച്ചാണ്..പൈവളികെ എന്ന മനോഹരമായ ഗ്രാമത്തില്‍ (സാധാരണ രീതിയിലുള്ള മനോഹാരിത തന്നെയേ ഉള്ളൂട്ടോ. ഞാനൊരു കാവ്യഭംഗിക്ക് വേണ്ടി പറഞ്ഞതല്ലേ) മൂന്നാലു കുന്നുകള്‍ക്കിടയിലാണ് ഇവരുടെ വീട്.. പഴയ തറവാടാണ്.. നാലുകെട്ടൊന്നുമല്ല ട്ടോ...കര്‍ണാടക സ്റ്റൈല്‍ വീട് തന്നെ...

ഞാന്‍ കല്യാണത്തിനു ശേഷം ആദ്യമായി അവിടെ പോയത് രാത്രിയിലായിരുന്നു..ഇവിടെ നിന്ന് ബസ് മാറിക്കേറി മാറിക്കേറിയാണ് പോയത്.. അതും ഒരു തെറ്റില്ലാത്ത അനുഭവം..എന്തായാലും എത്തിയപ്പോ രാത്രി ഏതാണ്ട് 9.30.... ഓ.. ഇതാണോ ഇത്ര വലിയ രാത്രി എന്നു ചോദിക്കാന്‍ വരട്ടെ.. ആ വീട്ടിലേക്കുള്ള വഴി കണ്ടിട്ടാവാം ചോദ്യം.. ഉപ്പളയില്‍ നിന്ന് ജീപ്പിലാണ് പോയത് എന്നാണോര്‍മ.. കാരണം ബസിന്റെ സമയം ഒക്കെ കഴിഞ്ഞിരുന്നു.. പൈവളികെ എന്ന് സ്ഥലത്തിറങ്ങി.. ഒരു കുന്നിന്റെ മുകളിലാണ് ഇറങ്ങിയത്.. കുറച്ച് പാറകളും ചെറിയ കുറ്റിച്ചെടികളും ഒക്കെ കണ്ടു.. കുന്നാണെന്ന് പിന്നീടാണ് മനസിലായേ ട്ടോ...എങ്ങോട്ടോ ചൂണ്ടി ഏട്ടന്‍ പറഞ്ഞു ‘ആ വഴിയേ പോണം’ ന്ന്.. വഴിയൊന്നും ഞാന്‍ കണ്ടില്ല.. നല്ല ഇരുട്ട്.. ടോര്‍ച്ചൊന്നും ഇല്ല.. അന്നത്തെ കാലമായോണ്ട് മൊബൈലും ഇല്ല.. ഒരൂഹം വച്ച് അങ്ങ് നടക്കുക തന്നെ..കുറച്ചു ദൂരം മണ്ണിലൂടെത്തന്നെയാണ് നടന്നത്... പിന്നെ അങ്ങു താഴെ ചെറിയ ഒരു മൂട്ടവിളക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു,’ അതാ ചേച്ചീടെ വീട്’.. പിന്നെ കുന്നിറക്കം.. വഴി എന്നത് വെറും സങ്കല്പം.. ചരല്‍ നിറഞ്ഞ വഴി.. കല്യാണം പ്രമാണിച്ച് എന്റെ സ്ഥിരം പാരഗണ്‍ ഹവായ്ക്ക്  അവധി കൊടുത്ത് വാങ്ങിയ ഗ്രിപ്പില്ല്ലാത്ത സുന്ദരിച്ചപ്പല്‍ ‘ഞാനിപ്പോ വീഴും ഞാനിപ്പോ വീഴും ‘ എന്ന് പേടിപ്പിക്കുന്നു..പോരാത്തേന് സാരിയും.. ഇന്ന് പോലും നേരാം വണ്ണം സാരിയുടുക്കാന്‍ എനിക്കറിഞ്ഞൂടാ.. എന്നിട്ടാണ് അന്ന്.. കൂനിന്മേല്‍ പഴുപഴുത്ത കുരുവായി വലിയ ഒരു ബാഗും... സ്കിഡ് ചെയ്താണ് ചില സ്ഥലങ്ങള്‍ ഒക്കെ ഇറങ്ങിയത്.. പെട്ടെന്ന് എത്തിയേക്കും എന്ന് തോന്നിയിരുന്നു പലപ്പോഴും.. വഴില്ലാ വഴിയിലൂടെ നിരങ്ങിയും വഴുതിയും എങ്ങനെയോക്കെയോ എത്തി.. ആ വീടടക്കം മൂന്നോ നാലോ വീടുകളേ അവിടെ ഉള്ളൂ.. എന്ന് വച്ചാല്‍ ആ കുന്നിന്‍ ചോട്ടില്‍ എന്നര്‍ഥം...
വീടിനു പിന്നിലും കുന്നാണ്.. സൈഡിലും... മൂന്നു നാലു കുന്നുകള്‍ക്കിടയില്‍ കുറച്ച് വീടുകള്‍...
ഈ വീട്ടിലേക്ക് വെള്ളം വരുന്ന രീതിയാണ് മനോഹരം.. മുറ്റത്തുള്ള രണ്ട് കുഴികളില്‍ നിന്നാണ് വീട്ടിലേക്കുള്ള വെള്ളം എടുക്കുന്നത് എന്നത് ആദ്യം തന്നെ ശ്രദ്ധിച്ചു.. ആ വെള്ളത്തിന്റെ ഉറവിടം കാണാനായി ഞങ്ങള്‍ ബാക്കിലുള്ള കുന്നു കയറിപ്പോയി.. കുന്നിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗമെത്തിയപ്പോ ഉള്ളിലേക്ക് ഒരു ചാല്.. അതിലൂടെ നടന്നു.. ഉള്ളില്‍ നല്ല തണുപ്പ്.. കുന്നു തുരന്നുണ്ടാക്കിയ പോലെ ഒരു സ്ഥലം..വീതിയില്ല.. പക്ഷേ രണ്ടു മൂന്നാള്‍ക്ക് നില്‍ക്കാം.. അവിടെ ഉറവയുണ്ട്... നല്ല കണ്ണീരുപോലത്തെ വെള്ളം.. അത് ചാലിലൂടെ അല്പം ഒഴുകുന്നു.. അത് ഇത്തിരി കെട്ടി നിര്‍ത്തി വീട്ടിലേക്കെത്തിക്കുന്നു.. അതും വളരെ നാച്വറല്‍ ആയിട്ട്... കമുക് എന്ന അടക്കാമരം ഇല്ലേ, അത് നീളത്തില്‍ പകുതിയാക്കി വെട്ടി അല്പം തുരന്ന് വെള്ളം പോകാനുള്ള കുഴലാക്കും.. അത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വക്കും...ഇതിലൂടെ വെള്ളം ഒഴുകി വരും .. ഒരു കമുകിന്‍ പൈപ്പ് അവസാനിക്കുമ്പോ മറ്റൊന്ന് അതിനടിയില്‍... അങ്ങനെ താഴെ വരെ... കണക്റ്റ് ചെയ്ത് കണക്റ്റ് ചെയ്ത്... ഈ വെള്ളം വീട്ടുമുറ്റത്ത് കുഴിയില്‍ ശേഖരിക്കും...
24അവേഴ്സ് വീട്ടില്‍ നല്ല ശുദ്ധജലം.. വീട്ടില്‍ എത്തുമ്പോഴേക്കും അതിന് തണുപ്പൊക്കെ പോയിക്കാണും.. എന്നാലും നല്ല വെള്ളം...അടുക്കളയിലേക്കുള്ളത് പ്രത്യേകം ശേഖരിക്കും.. പാത്രം കഴുകാനും അലക്കാനും ഒക്കെ ഒരു കുഴിയിലെ വെള്ളം തന്നെ.. എല്ലാത്തിനും ഈ കുഴിക്കടുത്തു തന്നെ സൌകര്യം ചെയ്തിട്ടുണ്ട്..
ഇപ്പൊ വീട്ടില്‍ ടാങ്കോ മറ്റോ വച്ച് ഒന്നു രണ്ട് പൈപ്പ്കണ്‍ക്ഷന്‍ എടുത്തിട്ടുണ്ട്.. എന്നാലും വെള്ളം ആ പനിനീരുറവയില്‍ നിന്നു തന്നെ....

അവരോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നിയത് കരിമുല്ല കൃഷി തുടങ്ങിയപ്പോഴാ.. ഈ കുഴിയില്‍ നിന്നും വെള്ളം പിടിച്ച് ദൈനംദിന പരിപാടികള്‍ നടത്തുന്നതേ എനിക്ക് ആദരവു തോന്നിച്ച സംഭവമാ.. ഈ ദൈനംദിനത്തില്‍ വീട്ടിലെ കലാപരിപാടികള്‍ കൂടാതെ തൊഴുത്തും നാലഞ്ചു പശുക്കളും എരുമയും ഒക്കെ ഉണ്ട് ട്ടോ.. ഇതൊന്നും പോരാതെ കരിമുല്ല കൃഷി.. അതിനും വെള്ളം ഇതില്‍ നിന്ന് തന്നെ .. കുഴിയില്‍ നിന്ന് എടുത്ത് അരക്കിലോമീറ്ററോളം മുകളില്‍ കയറി മുല്ലക്ക് വെള്ളം ഒഴിക്കണം...ഒന്ന് രണ്ട് ദിവസം സഹായിച്ചതോടെ ബഹുമാനം പത്തിരട്ടിയായി..

ഇപ്പോ ആ മുല്ലയില്‍നിന്ന് വരുമാനം കിട്ടിത്തുടങ്ങി.. നേരത്തേ പറഞ്ഞ ടാങ്കിന്റെ സഹായത്തോടെ സ്പ്രിംഗ്ലര്‍ വച്ചിട്ടുണ്ട് ഇപ്പോ...

ഭര്‍തൃബന്ധുക്കളില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, നിസ്വാര്‍ത്ഥതയുടെ പര്യായമോ മൂര്‍ത്തീഭാവമോ ഒക്കെ ആയ, മധുരച്ചേച്ചിക്ക് ഈ പോസ്റ്റ്...

Saturday, April 3, 2010

കൌളിക്കായ്..

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പാപ്പൂന് കൌളിക്കായുടെ അലര്‍ജി ആവും എന്ന് പറഞ്ഞ്, അതിനെ പറ്റി അടുത്ത പോസ്റ്റ് എന്നും പറഞ്ഞ് പോയതല്ലേ.. എന്നാ പിന്നെ അദന്നെ ആവട്ടെ എന്ന് വച്ചു..

ഓര്‍മയുണ്ടോ ആദ്യപോസ്റ്റുകളില്‍ ഒന്നില്‍ അവിടത്തെ വീടുകളുടെ ശൈലിയെ പറ്റി പറഞ്ഞിരുന്നു.. ഒരു സൈഡ് വീടുകള്‍, മറ്റേ സൈഡ് പറമ്പ്.... ഈ വീടുകളുടെ പിന്നിലും പറമ്പ് കാണും.. (ബ്രാഹ്മണര്‍ക്കൊക്കെയേ ഇത് പറഞ്ഞിട്ടുള്ളൂ ട്ടോ) ..ബനദകൊപ്പ ഗ്രാമത്തിലെ വീടുകള്‍ക്ക് പിന്നില്‍ ഒരു ചെറിയ കുന്നാണ്. ഉയരം എങ്ങനെയാ പറയുക? നമ്മുടെ വീട് മൂന്ന് നില ഉള്ളതാണ്, തട്ടിന്‍പുറം അടക്കം.. ഏതാണ്ട് അതിന്റെ ഉയരം വരും കുന്നിന്...ഈ കുന്നിന്‍ മുകളില്‍ വരുന്ന കുറെ സ്ഥലം കൂടി വീട്ടുകാരുടേതാണ്..അതിനുമപ്പുറം വരുന്ന കുന്നിന്‍ മുകളിലെ ഭാഗങ്ങള്‍ സര്‍ക്കാറിന്റെ... അവിടെനിന്നും ഒന്നും എടുക്കാന്‍ പാടില്ലെന്നാണ് നിയമം.. പക്ഷേ അവിടത്തെ നാട്ടുകാര്‍ക്ക് അവരുടേതായ നിയമങ്ങള്‍ ഉണ്ട്.. അതില്‍ സര്‍ക്കാരായാല്‍ പോലും കൈ കടത്തുന്നത് അവര്‍ക്കിഷ്ടല്ല...
എന്തായാലും ആ കുന്നിന്‍ മുകളിലേക്ക് കയറി പോയി നമ്മുടെ ഏരിയായും കടന്ന് അപ്പുറത്ത് എത്തിയാല്‍ പിന്നെ കാണുന്നത് അവിടേം ഇവിടേം കുറച്ച് വലിയ മരങ്ങളും പിന്നെ ഈ പോസ്റ്റിനാധാരമായ കൌളിക്കായ് മരങ്ങളും ആണ്. കൌളിമരം അത്ര വലുതല്ല.. എന്നാല്‍ തീരെ കുഞ്ഞുമല്ല..( ശ്ശെടാ..ഈ ഉയരം പറഞ്ഞു മനസിലാക്കുക എന്നത് വലിയ പാടുതന്നെ)..ഏതാണ്ട് വളര്‍ച്ചയെത്തിയ പേരമരത്തിന്റെ പൊക്കം കാണും.. എന്നാല്‍ അങ്ങനെ മുകളിലേക്ക് മാത്രല്ല വളര്‍ച്ച, കൊമ്പുകള്‍ ഒക്കെ സൈഡിലേക്ക് വളര്‍ന്ന് തൂങ്ങി കിടക്കും..അത്ര ഉറപ്പുള്ള കൊമ്പല്ല എന്നും പറയാം.. കുറച്ചൊന്ന് പന്തലിച്ച് കിടക്കുന്ന മരം.. വള്ളിയില്‍ നിന്നും വളര്‍ന്ന് മരമാവാത്ത പരുവം...ഒരു ടീനേജ് പ്രാ‍യം...
എന്തായാലും ആ മരത്തിലാണ് വിശ്വവിഖ്യാതമായ കൌളിക്കായ് ഉണ്ടാകുന്നത്.. ചെറിയ ചെറിയ കായകള്‍..നമ്മുടെ അരിനെല്ലിക്കയോളം വലിപ്പം വരും..(ഇനി ഇപ്പോ സാദാ നെല്ലിക്കയല്ലാതെ അരിനെല്ലിക്ക കാണാത്തവരോട് എന്ത് ഉപമ പറയും?.. രണ്ടുര്‍പ്യക്ക് കിട്ടണ മഞ്ചിന്റെ ഉണ്ടയോളം എന്ന് പറയാം..) കായ ആകുമ്പോള്‍ പച്ച നിറം, പഴുത്തു തുടങ്ങുമ്പോള്‍ ചുവന്ന് ചുവന്ന് വരും.. ലൂപിക്ക പോലെ.... നല്ല പഴുപ്പായാല്‍ ഒരു കാപ്പിപ്പൊടിക്കളര്‍ ആണ്.. ഇത്തിരികൂടി കടുപ്പം കൂടിയാലേ ഉള്ളൂ,ഒട്ടും കുറയില്ല്യ..
അങ്ങനെ പഴുത്ത കൌളിക്കായ് പൊട്ടിക്കുക, ഉടന്‍ തിന്നുക..ഇതാണ് പ്രോസസ്..കാരണം വേറൊന്നുമല്ല ..അതിന് പശയുണ്ട്.. പൊട്ടിച്ചാല്‍ അറ്റത്തുനിന്ന് വെളുത്ത പാല്‍ ഊറും. അത് അല്പനേരം കഴിഞ്ഞാല്‍ ഒട്ടുകയും ചെയ്യും.. അതുകൊണ്ട് പൊട്ടിച്ച് നേരെ വായില്‍ ഇടുക...
ഇത് പറയാം എന്നല്ലാതെ എപ്പോഴും പ്രാവര്‍ത്തികമാവില്യ, പ്രത്യേകിച്ചും കുട്ടികള്‍ കൂടെ ഉള്ളപ്പോള്‍.. അവര്‍ക്ക് പൊട്ടിച്ച് കൊടുക്കണമല്ലൊ.. പിന്നെ പിള്ളേരടെ ഒരു മനശ്ശാസ്ത്രമനുസരിച്ച് അവര്‍ക്ക് ഒരെണ്ണം ഒരെണ്ണം ആയി കിട്ടിയാല്‍ ഒരു തൃപ്തി ഉണ്ടാവില്ല്യ.. എന്തും ഏതും കൊറേ കൊറേ.. വേണം.... അപ്പോ ചെയ്യുന്ന സൂത്രപ്പണിയാണ് ഇലയില്‍ കുമ്പിള്‍ കുത്തുക എന്നത്.. കൌളിമരത്തിന്റെ ഇല തീരെ ചെറുതാണ്. അതെടുത്തിട്ട് കാര്യല്യ.. വേറെ ഒരു ചെടി ഉണ്ട്.. വലിയ ഇലയായിക്കൊണ്ട്.. ചെറിയ ചെടി.. അതിന്റെ ഇല പൊട്ടിച്ച് കുമ്പിള്‍ കുത്തുക, അതിലേക്ക് പൊട്ടിക്കുന്ന കൌളിക്കായ് ഇടുക, ഒരു പത്തിരുപതെണ്ണം ആയാല്‍ കൊടുക്കുക..ഇതാണ് പ്രോസസ്...അപ്പോ സ്വാഭാവികമായും ചോദ്യം ഉയരാം..പശയോ ന്ന്.. പശയുണ്ട്..എന്നാലും സ്വാദുമുണ്ട്.. നാവില്‍ അല്പം ഒട്ടുന്ന പോലെ തോന്നും എന്ന് മാത്രം...(തോന്നലല്ല്, സത്യമാണ്..)
ഈ കായയുടെ ഉള്ളില്‍ കുരു ഉണ്ട്, കുരു അല്ല കുരുക്കള്‍.. പക്ഷേ അതും കഴിക്കാം. മൃദുവായ കുരുവാണ്...
ഇത്രയും പറഞ്ഞിട്ടും ഇതിന്റെ സ്വാദ് എന്താന്ന് പറഞ്ഞില്ല ല്ലേ.. അതിപ്പോ എങ്ങനെയാ പറയുക? പുളിയല്ല, പഴുത്തതിന്.. മധുരം ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ അത്ര ഗംഭീര മധുരവും അല്ല...ഒരു പ്രത്യേക സ്വാദ്...നേരിയ മധുരം....കുറെ എണ്ണം കഴിച്ചു കഴിഞ്ഞാല്‍ നാവില്‍ അതിന്റെ പശ ഒട്ടിപ്പിടിക്കും..എന്നാലും നിര്‍ത്താന്‍ തോന്നില്ല...


ആ.. ഇനി ഇതിന്റെ വേറെ ഒരു ഉപയോഗം കൂടി പറയാം... ‘കൌളിക്കായ് നീര്‍ ഗൊജ്ജു’ എന്ന പേരുള്ള ഒരു സംഭവം ഉണ്ടാക്കാന്‍ ഇതിന്റെ കായ പുളിയുള്ളത് ഉപയോഗിക്കും... പേരു കേട്ട് പേടിക്കണ്ട.. നമ്മുടെ സംഭാരത്തിന്റെ ഒരു ചേട്ടനോ അനിയനോ അമ്മാമന്റെ മകനോ ഒക്കെ ആയിട്ടു വരും കക്ഷി.... കൌളിക്കായും(പുളിയുള്ള മാങ്ങ കൊണ്ടും വക്കാം) ഒരു സ്പൂണ്‍ നാളികേരവും ഒരു നുള്ള് ജീരകവും ഒരു പച്ചമുളകും ഉപ്പും കൂടി നല്ലോണം വെള്ളം കൂട്ടി അരച്ച് അരിച്ചെടുക്കുക.. ഇപ്പുറത്തുനിന്ന് നോക്കിയാല്‍ അപ്പുറം കാണാവുന്ന പരുവത്തില്‍ ആക്കണം.. എന്നിട്ട് കടുകു വറുത്തിടുക.. കടുകു പൊട്ടിക്കുമ്പോ അല്പം കായം പൊടിയും ഇടണം.... ദഹനത്തിന് ദ ബെസ്റ്റ് ആണത്രെ.. പുളിയുള്ള കായ ആവണം എന്നേയുള്ളൂ... നല്ല സ്വാദാ ട്ടോ...


ഈ കായ നമ്മുടെ നാട്ടില്‍ കാണാത്തതിനാല്‍ മലയാളം പേര് പറയാന്‍ അറിയില്ല... ഇനി നാട്ടില്‍ പോയി വരുമ്പോ ഫോട്ടോ എടുത്തിട്ട് വരാം ട്ടോ..

Saturday, March 27, 2010

എര്‍ത്ത് അവര്‍.

അല്പം വിഷമത്തോടെ ആണ് ഇതെഴുതുന്നത്. ഞങ്ങള്‍ ഇവിടെ 8.30 മുതല്‍ 9.30 വരെ മൊത്തം പവര്‍ ഓഫ് ചെയ്ത് എര്‍ത്ത് അവര്‍ ജോയ്ന്‍ ചെയ്തു.. ഈ ഏരിയയില്‍ ഞങ്ങള്‍ മാത്രം..  അവര്‍ക്ക് അറിയാഞ്ഞിട്ടല്ല.. വേണ്ടെന്ന് വച്ചിട്ട്.... ഇതുകൊണ്ടൊക്കെ എന്തു കാര്യം എന്ന്...

ബനദകൊപ്പ വിശേഷങ്ങള്‍ വീണ്ടും...

കുറച്ച് നാളായി കര്‍ണാടക വിശേഷങ്ങള്‍ ഒന്നും ഇല്ലാതെ അല്ലേ? എന്താണെഴുതേണ്ടത് എന്ന കണ്‍ഫ്യൂഷന്‍ ആയിരുന്നു.. പിന്നെ മറ്റേ ബ്ലോഗില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിനാല്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്വയം അറിഞ്ഞിരുന്നു...


ഇന്നിപ്പോ അവിടത്തെ അമ്മേടെ ചില ഒറ്റമൂലികളെ പറ്റി പറയാം.. അതില്‍ ചിലതൊക്കെ പറ്റിക്കത്സ് ആണോ എന്നൊരു സംശയം ഇല്ലാതില്ല.!!അത്തരം ഒന്നാണ് ‘ഉപ്പു-സക്കരെ-ബിസിനീരു’ അഥവാ ഉപ്പും പഞ്ചസാരയും ചേര്‍ത്ത ചൂടുവെള്ളം...!! വയര്‍ സംബന്ധമായ എന്തു പ്രശ്നമായാലും അമ്മേടെ ഔഷധം ഇതാണ്..പ്രത്യേകിച്ചും കുട്ടികള്‍ക്ക്.. വയര്‍ വേദനിക്കുന്നു എന്നു പറഞ്ഞ് ഒരു കുട്ടി കരഞ്ഞാല്‍ അപ്പോ പറയും ‘ഉപ്പു സക്കരെ ഹാക്കി ഒന്ദ്ചൂര്‍ ബിസി നീരു കൊഡു’ എന്ന്...ട്രാന്‍സ്ലേഷന്‍ വേണ്ടല്ലോ?.. അതു കൊടുക്കുന്ന കൂട്ടത്തില്‍ ഒരു ഡയലോഗും ഉണ്ട്. ‘ ഇത് ചെന്നാല്‍ അഞ്ചു മിനിറ്റോണ്ട് വയറുവേദന പിടിച്ചുനിര്‍ത്തിയ പോലെ മാറും’ എന്ന്.. സത്യത്തില്‍ ഈ ഡയലോഗിനല്ലേ ആ വെള്ളത്തിനേക്കാള്‍ ഗുണം എന്ന് തോന്നാറുണ്ട്.. ഇതേ മരുന്നു തന്നെ ഗ്യാസ് ട്രബിളിനും ദഹനക്കേടിനും ഒക്കെ കൊടുക്കും !! ഡയലോഗില്‍ മാറ്റമില്ല !! ഈ കുറ്റം പറയുന്ന എന്റെ ഗ്യാസ് പ്രോബ്ലവും ആദ്യതവണ മാറിയിരുന്നു ട്ടോ ഇതോണ്ട്...

മറ്റൊന്ന് സിംപിള്‍ ശര്‍ക്കര വെള്ളം.. ഇത് ക്ഷീണത്തിനുള്ളതാ.. ഇതെന്തായാലും പറ്റിക്കത്സ് അല്ലാട്ടോ.. വല്ലാതെ പണിയെടുത്ത് ക്ഷീണം ആവുമ്പോ ഒരു നുള്ള് ശര്‍ക്കര (അവിടെ ശര്‍ക്കര കട്ടയല്ല, ദ്രാവക രൂപത്തിലാണ് ) എടുത്ത് വായിലിട്ട് വെള്ളം കുടിക്കുക... വെയിലത്തുനിന്നും വന്നതാണെങ്കില്‍ ആ മധുരം ഇറങ്ങുന്ന വഴി അറിയും... അതങ്ങു ചെന്നാല്‍ പിന്നെ ദാ ന്ന് പറയുമ്പഴക്കും ‘ക്ഷീണമോ എനിക്കോ‘ എന്ന് ചോദിക്കാറാവും.. ഇതിനെതോ സയന്റിഫിക് റീസണ്‍ ഏട്ടന്‍ പറഞ്ഞിരുന്നു..മറന്നു... ചോദിച്ചിട്ട് പിന്നെ എഴുതാം..


പിന്നെ പുളി എന്ന സര്‍വസാധാരണ ‘മൌത്ത് വാട്ടെറിംഗ് സ്റ്റഫ്’.... ഇത് ചൊറിക്കുള്ള മരുന്നാണെന്ന് ഞങ്ങളുടെ പാപ്പൂനെ എന്തോ കടിച്ചോ മറ്റോ മേത്ത് മുഴോനും തിണര്‍ത്തു വന്നപ്പഴാ അറിഞ്ഞേ.. അന്ന് പാപ്പൂന് കൌളിക്കായ് അലര്‍ജി ആണെന്നാ അമ്മ പറഞ്ഞേ (ഈ കായയെ പറ്റി അടുത്ത പോസ്റ്റില്‍).. അതിനാണ് പുളി കലക്കിയ വെള്ളം കൊടുത്തത്...പുളി മാത്രല്ല ഇത്തിരി ശര്‍ക്കരയും...കുറച്ചൊന്നുമല്ല, ധാരാളം... അതു കൊടുത്തിട്ടും മാറീല്യ എന്നത് വേറെ കാര്യം...അതു പക്ഷേ എന്തെങ്കിലും കടിച്ചതു കൊണ്ടാവും എന്നാ പറഞ്ഞേ.. അതൊരു ട്രയല്‍ ആന്‍ഡ് എറര്‍ ആയിരുന്നു... കൌളിക്കായ് അലര്‍ജി ആണേല്‍ പുളി ശര്‍ക്കര വെള്ളം ഓക്കേ..അല്ലെങ്കില്‍ പിന്നെ ഭസ്മം തന്നെ ശരണം... ഓ..അല്ല മറന്നു... വേറെ ഒരു സൂത്രം ഉണ്ട്.. നാരങ്ങാനീര്....അതു പുരട്ടിയാലും ചൊറിച്ചില്‍ മാറുമത്രെ...!!!


നാരങ്ങാനീര് എന്ന് പറഞ്ഞപ്പഴാ വേറൊരു മരുന്ന് ഓര്‍മ വന്നേ... തലവേദന ആദിയായ ചില വേദനകള്‍ക്ക് നാരങ്ങാനീരും വെളിച്ചെണ്ണയും കൂടി മിക്സ് ചെയ്ത് പുരട്ടും.. ‘നിംബെഹുളി എണ്ണെ’ എന്ന് ഓമനപ്പേര്.. ഇതൊരു തരം വിക്സിന്റെ ഇഫക്റ്റാവും ന്നാ തോന്നണേ.. പരീക്ഷിക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല....


ഇനി പാപ്പൂന് ഫലിച്ചതും അച്ചൂന് ഫലിക്കാഞ്ഞതുമായ ഉഗ്രന്‍ ഒരു മരുന്ന്.. പാപ്പൂന് മുമ്പ് ഒരു തരം ചുമ ഉണ്ടായിരുന്നു രാത്രീല്.. എന്തു മരുന്ന് കഴിച്ചിട്ടും മാറീല്യ.. ഒരിക്കല്‍ അമ്മ ഇവിടെ വന്നപ്പോ അവളുടെ ചുമ കേട്ട് എനിക്ക് മരുന്ന് പറഞ്ഞു തന്നു.. പതിവുപോലെ വിത്ത് ഡയലോഗ്..’ ഇത് ഒരൊറ്റ തവണ കഴിച്ചിട്ടല്ലേ ആശേടെ ചുമ മാറീത്...’ എന്തായാലും പരീക്ഷിക്കാന്‍ ഞാന്‍ തയ്യാറായി.. കാര്യം സിമ്പിള്‍.. ശര്‍ക്കര (ഇത് സര്‍വരോഗസംഹാരിയാണോ?) യും കുരുമുളകും കൂടി ചതച്ച് ചെറിയ ഉരുളകളാക്കുക.. ചെറുത് എന്നുവച്ചാല്‍ തീരെ ചെറുത്..ഓരോന്നും ഓരോ പയറുമണിയോളം വലുപ്പം ധാരാളം മതി.. അതിലും ചെറുതായാലും മതി... രാത്രി കിടക്കാന്‍ നേരം ഒരെണ്ണം വായിലിട്ട് അലിയിക്കുക. അങ്ങനെ മൂന്നോ നാലോ ദിവസം... ചുമ ഗായബ് !! പാപ്പൂനെന്തായാലും അതോണ്ട് മാറി..പക്ഷേ അച്ചൂനും ഇതേ പ്രശ്നം വന്നപ്പോ അമ്മ ആത്മവിശ്വാസത്തോടെ ( അഹങ്കാരത്തോടെ എന്നെങ്ങിനെയാ എഴുതുന്നേ, ഏട്ടന്‍ കണ്ടാലോ?) പറഞ്ഞു.. ‘കാള്‍മെണുസു-ബെല്ല കൊഡു’ ന്ന്... ബെല്ല, നമ്മുടെ വെല്ലം അഥവാ ശര്‍ക്കര..അപ്പോ സ്വാഭാവികമായും കാള്‍മെണുസ് കുരുമുളകാ ന്ന് മനസിലായല്ലോ ല്ലെ... ഞാന്‍ കൊടുത്തിരുന്നു അതിനു മുന്‍പേ.. ബട്ട്, അച്ചൂന്റെ ചുമ ‘എന്നോടോ’ ന്നും ചോദിച്ച് അതേ ഇരിപ്പ്... പിന്നെ ആയുര്‍വേദം തന്നെ ശരണം... അന്ന് അമ്മ അതിന്റെ ന്യായം കണ്ടത് ഓരോ ശരീരവും ഓരോ തരമാണെന്നാ..ശരിയാവണം....


മൂക്കടപ്പ് മാറാന്‍ ഇഞ്ചിയും തേനും ചേര്‍ത്ത മിശ്രിതം, കഫക്കെട്ടിന് തേനും ചെറുനാരങ്ങയും മിക്സ്....അങ്ങനെ നമ്മുടെ നാട്ടിലും കാണുന്ന പലതും അവിടേം കാണാം...


ഇത്രയൊക്കെ ഒറ്റമൂലി അറിയാവുന്നോണ്ട് അവിടെ ആരും ഡോക്റ്ററെ കാണാന്‍ പോവില്ലാന്ന് ആരും കരുതണ്ടാട്ടോ.. അത് ഒരു പോസ്റ്റിനുള്ള വകയുണ്ട്..പിന്നെ പറയാം.....

Saturday, February 20, 2010

പച്ചക്കറി സംഭരണം ബനദകൊപ്പ സ്റ്റൈൽ

ബനദകൊപ്പ ഉയര്‍ന്ന പ്രദേശത്ത് ആയതു കൊണ്ട് തന്നെ അവിടെ തണുപ്പ് കൂടുതല്‍ ആണ്. കൂടുതൽ എന്നത് എന്റെ ഇരിങ്ങാലക്കുടയെ കമ്പയർ ചെയ്യുമ്പോളാട്ടോ...(എനിക്കറിയാവുന്ന സ്ഥലം വച്ചല്ലേ താരതമ്യം പറ്റൂ..കാശ്മീരിൽ ഞാൻ പോയിട്ടില്ല..... ) എന്തായാലും ഏപ്രിൽ മെയ് മാസങ്ങളിൽ പോലും വൈകീട്ട് അല്പം കുളിരൊക്കെ ഉണ്ടാവാറുണ്ട്.... ആ തണുപ്പു കാരണം അവിടെ ഫ്രിഡ്ജ് ഒരു അവശ്യവസ്തു അല്ല... പച്ചക്കറി ഒക്കെ ഫ്രഷ് ആയിത്തന്നെ ഇരുന്നോളും... പോരാത്തതിനു അവരുടെ ചില സ്പെഷ്യൽ സംഭരണ ടെക്നിക് ഒക്കെ ഉണ്ട്... വീടിനു നടുഭാഗത്തായി ‘നടുമന‘ എന്ന പേരിൽ (താഴെ നിലയിൽ) ഒരു മുറി ഉണ്ട്... അത് ഒരു ഇരുട്ടു മുറിയാണ്.. നട്ടുച്ചക്ക് പോലും ലൈറ്റ് ഇടാതെ ഒന്നും കാണില്ല... പ്രസവിച്ച് കിടക്കുന്നവർക്ക് ഉള്ള കട്ടിൽ ഒരു മൂലക്ക്... മറ്റേ മൂലയിൽ പലചരക്കു സാമഗ്രികൾ വക്കുന്ന പത്തായം പോലുള്ളവ... അതിനും അപ്പുറം ഒരു കൂരിരുട്ട് മുറിയുണ്ട്.... മണ്ണ് മെഴുകിയ നിലത്ത് കാൽ വക്കുമ്പോഴേ തണുക്കും.... അതിലാണ് പച്ചക്കറി-പഴവർഗങ്ങൾ ഒക്കെ വക്കുന്നത്... കേടുവരില്ല.. ഒരുതരം നാച്വറൽ ഫ്രിഡ്ജ്...

കല്യാണം കഴിഞ്ഞ ആദ്യ നാളുകൾ ഒന്നിൽ, സാധനങ്ങളുടെ പേരൊക്കെ പഠിച്ചു തുടങ്ങിയ കാ‍ലത്ത്... ഒരു ദിവസം അമ്മ എന്നോട് ചെറുനാരങ്ങ കൊണ്ടുവരാൻ പറഞ്ഞു.. ഞാൻ ഈ നടുമനയിൽ തപ്പലോട് തപ്പൽ.. കിട്ടീല്യ... അപ്പോ അമ്മ വിളിച്ചു.. ‘‘നയനാ...(അതാണ് അവിടത്തെ എന്റെ പേര്..) ..അല്ലി ല്ലെ..ബാമിയൊളഗെ നോഡു..’’...അവിടെയല്ല കിണറ്റിൽ നോക്കാൻ..!!!! ഞാൻ അന്തം വിട്ടുനിന്നു... എന്റെ കന്നട പരിജ്ഞാനത്തിന്റെ പരിമിതി ആവും എന്നാ ആദ്യം കരുതിയേ... എന്നാ അങ്ങനെയല്ല.. ശരിക്കും കിണറ്റിലാ നോക്കേണ്ടത്.. !! എന്റെ വാ പൊളിച്ചുള്ള നില്പു കണ്ട് പാവം തോന്നി നാത്തൂൻ പദ്മജ സഹായിച്ചു... കിണറ്റിനരികെ വന്ന് അതിലേക്ക് ഇട്ടിട്ടുള്ള ഒരു ചെറിയ കയർ വലിച്ചെടുത്തു.. അതിന്റെ അറ്റത്ത് ഒരു ചെറിയ സഞ്ചി... അതിലതാ ചെറുനാരങ്ങയും മല്ലിയിലയും ഒക്കെ വെരി മച്ച് ഫ്രഷ് ആയി ഇരിക്കുന്നു.!! ആ റ്റെക്നോളജിയെ ഞാൻ മനസാ നമിച്ചു...

Thursday, February 18, 2010

മലബാറി ...

കഴിഞ്ഞ കൊല്ലമാണ് ഞാന്‍ കുറച്ചു വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയത്. പിന്നെ കമ്പ്യൂട്ടര്‍ ന്റെ കേടും എന്റെ മടിയും കൂടി ഇങ്ങനെ ആക്കി.. ഇനി വല്ലപ്പോഴും എഴുതും എന്ന് കരുതുന്നു..

നമ്മള്‍ മലയാളീസിനെക്കുറിച്ച് അവിടെ കേട്ട ചില കാര്യങ്ങള്‍ ആവാം ഇന്ന് അല്ലെ?

ഞങ്ങടെ കല്യാണം കഴിഞ്ഞ് ഏതു വീട്ടില്‍ വിരുന്നു പോയാലും ഒരു ചോദ്യം സ്ഥിരമായിരുന്നു. ''നിങ്ങള്‍ ശരിക്കും മലയാളി ആണോ '' എന്ന്... മലയാളി എന്നല്ല ''മലബാറി'' എന്നാണ് അവര്‍ പറയുക. അത് മൊത്തം മലയാളികളെ പറയുന്നതാണെന്ന് ഏട്ടന്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് പ്രശ്നം ഉണ്ടായില്ല.. മലയാളം എന്നതിന് മിക്കവാറും മലയാളി എന്ന് പറയുകയും ചെയ്യും.. '' അരവിന്ദാ നീ മലയാളി സംസാരിക്കുമോ ''(കന്നഡ എഴുതി പ്രശ്നം ആക്കണ്ട എന്ന് കരുതി തര്‍ജമ ചെയ്തതാ ).. എനിക്കതു കേട്ടാല്‍ കലിപ്പ് വരുമെങ്കിലും പുത്തന്‍ പെണ്ണ് അഹങ്കാരിയാണെന്ന് പറയിപ്പിക്കണ്ട എന്ന് കരുതി ക്ഷമിച്ചു....

പറഞ്ഞു വന്നത് ഇതൊന്നുമല്ല.. മലബാറിയെക്കുറിച്ചാണ് .. ഞാന്‍ തനി മലയാളി ആണെന്ന് പറഞ്ഞിട്ട് പലര്‍ക്കും വിശ്വാസം വരാത്ത പോലെ... ഒന്ന് രണ്ടിടത്ത് ഞാന്‍ സഹിച്ചു ..പിന്നെ ഏട്ടനെ സ്വൈര്യം കെടുത്തി.. അപ്പോഴല്ലേ മനസിലായത്... അവര്‍ക്ക് ഈ മലബാറി എന്നതിന് 'കള്ളന്‍ ' എന്നാണു പര്യായം...!! അതും നമ്മുടെ പഴയ സിനിമകളില്‍ കാണുന്ന കരിമുട്ടി കള്ളന്മാരും കള്ളികളും.. !!! അത് കേട്ടപ്പോള്‍ എനിക്കുറപ്പായി ഇത് നമ്മള്‍ അര്‍ഹിക്കുന്നത് തന്നെയാണെന്ന്.. ചിലപ്പോഴെങ്കിലും ചില തമിഴന്മാരെ നമ്മളില്‍ ചിലരെങ്കിലും 'പാണ്ടി ' എന്ന് വിളിക്കാറില്ലേ? അവര്‍ വരുന്നത് കക്കാനാണ് എന്ന് പറഞ്ഞു വഴക്ക് പറയാറില്ലേ? അതിന്റെ ന്യൂട്ടന്‍സ് തേര്‍ഡ് ലോ ഇഫെക്റ്റ് ആണെന്ന് സമാധാനിക്കാം...
(ഇതിനു വളംവച്ച് കൊടുത്തത് അവിടെ തോട്ടത്തില്‍ പണിയെടുക്കാന്‍ പോയ ചിലരാണെന്ന്പറയുന്നു..ഏക്കര്‍ കണക്കിന് തോട്ടം നോക്കാന്‍ എല്പിച്ചവരെ ചതിക്കുന്ന മലയാളി തൊഴിലാളികളും ഉണ്ടത്രേ...അവരാണ് നമുക്ക് ചീത്തപ്പേര് ഉണ്ടാക്കീത്‌ എന്നാ പറയുന്നേ..)

അപ്പൊ അവരുടെ ന്യായമായ സംശയം ഞാന്‍ ഒറിജിനല്‍ മലബാറി ആണോ എന്നതാണ്.. ഒടുവില്‍ വിരുന്നു പോക്കിന്റെ മുഖ്യ ഉദ്ദേശം മലയാളികളില്‍ ഡീസന്റ് പാര്ടീസും ഉണ്ടെന്നു തെളിയിക്കല്‍ ആയി... !!!
എന്നിട്ടും .. ഇപ്പോഴും ചില കല്യാണ വീടുകളില്‍ പുതുതായി പരിചയപ്പെടുന്ന ചില അമ്മായിമാര്‍ ''മലബാറി? കണ്ടാല്‍ തോന്നില്ലട്ടോ '' എന്ന് പറഞ്ഞു കളയും...!!